Monday 25 September 2017

കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

ചാക്കോ കളരിക്കൽ

കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറെനാൾ മുൻപ് നല്കുകയുണ്ടായി. പ്രധാനമായും പാശ്ചാത്യ ദൈവശാസ്ത്രജ്ഞന്മാരാണ് അതിൽ പങ്കെടുത്തത്. പൌരോഹിത്യത്തിലെ നിർബന്ധിത ബ്രഹ്മചര്യം നിർത്തൽ ചെയ്യുക, സ്ത്രീ പൌരോഹിത്യം പുന:സ്ഥാപിക്കുക, സഭാസംബന്ധമായ തീരുമാനങ്ങളിൽ സഭാപൌരരെ ഉൾപ്പെടുത്തുക, കൃത്രിമ ജനനനിയന്ത്രണോപാധികൾ ഉപയോഗിക്കാൻ വിശ്വാസികളെ അനുവദിക്കുക തുടങ്ങിയ പരിവർത്തനങ്ങളാണ് അവർ മുൻപോട്ടുവെച്ച നവീകരണാശയങ്ങൾ. "ഞങ്ങൾക്കിനി മിണ്ടാതിരിക്കാൻ സാദ്ധ്യമല്ല" എന്ന് അവർ രേഖവഴി വ്യക്തമായി പ്രഖ്യാപിച്ചു. സഭാനവീകരണത്തിലേക്കുള്ള സംഭാവനയാണന്നാണ് സഭാധികാരികൾ രേഖയെ വിശേഷിപ്പിച്ചത്.
എന്നാൽ കത്തോലിക്കാസഭ യഥാർത്ഥത്തിൽ പരിവർത്തനവിധേയമാകുമോ? യേസും നോയുമായിരിക്കും അതിനുള്ള ഉത്തരം.

സഭാനിയമങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സഭാപഠനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കാറുണ്ട്.

സുന്നത്തുപ്രശ്നം സംബന്ധിച്ച് പത്രോസും പൌലോസും തമ്മിൽ വഴക്കിട്ടു. അന്നത് അന്ത്യോക്യായിലെ ഒരു മഹാസംഭവമായിരുന്നു. ഇന്നാക്കഥ എത്ര കത്തോലിക്കർക്കറിയാം? 1966-നുമുൻപ് വെള്ളിയാഴ്ചകളിൽ മാംസം ഭക്ഷിച്ചവർ നരകത്തിൽ പോയി. അതിനുശേഷം ജനിച്ചവർ രക്ഷപെട്ടു. പതിമ്മൂന്നാം നൂറ്റാണ്ടുവരെ എത്ര കൂദാശകൾ ഉണ്ടെന്നുപോലും സഭയ്കറിയില്ലായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ത്രെന്തോസ് സൂനഹദോസാണ് ഏഴു കൂദാശകൾ നിർണയിച്ച് നിർവചിച്ചത്. മറ്റൊന്ന്, ത്രെന്തോസ് സൂനഹദോസുവരെ ഓരോ ദേശത്തെയും ഭാഷയായിരുന്നു ബലിയർപ്പണത്തിന് ഉപയോഗിച്ചിരുന്നത്. ലത്തീൻ സഭയിൽ ദേശഭാഷ മാറ്റി ലത്തീൻഭാഷ ഉപയോഗിച്ച് ബലിയർപ്പിക്കണമെന്ന നിയമം ത്രെന്തോസ് കൊണ്ടുവന്നു. അല്മായർക്ക് ബലിയിലുള്ള വായന നിർത്തൽ ചെയ്തു. രണ്ടാം വത്തിക്കാൻ കൌണ്സിലിൽ അതു മാറ്റിക്കുറിച്ച് ദേശഭാഷ ബലിയർപ്പണത്തിന് ഉപയോഗിക്കണമെന്നും അല്മായരെ ദിവ്യബലിയിൽ കൂടുതൽ ഭാഗവാക്കുകളാക്കണമെന്നും തീരുമാന മുണ്ടായി. ഒരു കാലത്ത് അടിമത്തം ധാർമികമാണന്ന് സഭ കരുതിയിരുന്നു. സഭ ഇന്ന് അടിമത്തത്തെ ന്യായീകരിക്കുന്നില്ല. ഭൂമി പരന്നതാണന്ന് സഭ ഒരുകാലത്ത് പഠിപ്പിച്ചിരുന്നു. ഇന്നങ്ങനെ പഠിപ്പിക്കുന്നില്ല. ദാമ്പത്യജീവിതത്തിലെ ലൈംഗീകപെരുമാറ്റം സന്താനോത്പാദനത്തിനുവേണ്ടിയുള്ള അവശ്യമായ തിന്മയാണന്ന് ഇരുപതാംനൂറ്റാണ്ടുവരെ സഭ പഠിപ്പിച്ചിരുന്നു. ഇന്നത് തിന്മയാണന്ന് സഭ പഠിപ്പിക്കുന്നില്ല. ഇങ്ങനെ എന്തെല്ലാം മാറ്റങ്ങൾ സഭയിൽ നടന്നിരിക്കുന്നു. ഇതെല്ലാം റോം തീരുമാനിക്കുന്നു. അജഗണങ്ങൾ വിശ്വസിക്കുന്നു. തുറന്ന് ചിന്തിക്കരുതെന്ന് സഭ അവർക്ക് താക്കീതും നല്കുന്നു.

നിയമങ്ങളും ആചാരങ്ങളും പഠനങ്ങളുമെല്ലാം സഭയ്ക്ക് മാറ്റാമെന്നിരുന്നാലും മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളും പഠനങ്ങളുമുണ്ട്. ഉദാഹരണത്തിന് ദിവ്യബലിയിൽ സത്താമാറ്റം സംഭവിക്കുന്നു എന്ന സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. യേശു ദൈവപുത്രനും മനുഷരുടെ വീണ്ടെടുപ്പിനുമായി കുരിശിൽ മരിച്ചെന്നുമുള്ള സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. മാറ്റിയാല്പിന്നെ സഭയില്ലല്ലോ. അപ്പോൾ സഭയ്ക്ക് മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളുമുണ്ട്. നൂറുവർഷം കഴിയുമ്പോൾ സ്ത്രീ പൌരോഹിത്യത്തെ സംബന്ധിച്ചോ വിവാഹിത പൌരോഹിത്യത്തെ സംബന്ധിച്ചോ ഗർഭാധാന പ്രതിരോധനത്തെ സംബന്ധിച്ചോ ഒന്നും സംവാദങ്ങൾ ഉണ്ടായിരിക്കുകയില്ല. കാരണം അപ്പോഴേയ്ക്കും ഇന്ന് നമ്മൾ സംവാദിക്കുന്ന വിഷയങ്ങൾ സഭയിൽ നടപ്പിലായിക്കഴിഞ്ഞിരിക്കും.
ജോണ്‍ പോൾ രണ്ടാമനും ബനടിക്റ്റ് പതിനാറാമനും കൂടി നിയമിച്ച ആയിരക്കണക്കിന് മതഭ്രാന്തന്മാരായ മെത്രാന്മാർ അടിത്തൂണു പറ്റുന്നതുവരെ സഭയിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. ഫ്രാൻസിസ് പാപ്പ മനുഷപ്പറ്റുള്ള ചില കാര്യങ്ങൾ പ്രസംഗിച്ച് നടപ്പുണ്ടെങ്കിലും യാഥാസ്ഥിതിക താപ്പാനകൾ ചെരിഞ്ഞാലെ സഭയ്ക്ക് രക്ഷയുള്ളൂ. വളരെയധികം കൊട്ടിഘോഷിച്ച് കോടികൾ മുടക്കി നടത്തിയ ഫാമിലിസിനഡിന് എന്തു സംഭവിച്ചെന്ന് നമുക്കറിയാം. വള്ളം പിന്നേയും തിരുനക്കരത്തന്നെ!

വഞ്ചകരും മതഭ്രാന്തരും തമ്മിലുള്ള കൂട്ടുകെട്ടാണ് സഭയെ നശിപ്പിക്കുന്നത്. അതിന് നല്ലൊരുദാഹരണമാണ് ജനനനിയന്ത്രണത്തെ സംബന്ധിച്ചുള്ള പോൾ ആറാമൻ മാർപാപ്പയുടെ ഹുമാനെ വീത്തെ (Humanae Vitae) എന്ന കുപ്രസിദ്ധ ചാക്രികലേഖനം. മാർപാപ്പതന്നെ നിയോഗിച്ച കമ്മറ്റിയുടെ നിർദ്ധേശത്തെ തള്ളിക്കളഞ്ഞ് യാഥാസ്ഥിതികരുടെ പക്ഷത്തേയ്ക്ക് മാർപാപ്പ ചെരിഞ്ഞ് കൃത്രിമ ജനനനിയന്ത്രണത്തിന് വിലക്കു കല്പിച്ചു. അതുമൂലം വിശ്വാസികളിൽനിന്നും വൻ എതിർപ്പും പൂർണനിരസിക്കലുമാണ് സംഭവിച്ചത്. സഭയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഈ ചാക്രിക ലേഖനം കാരണമായി.

ഗർഭാധാനപ്രതിരോധനം യഥാർത്ഥത്തിൽ മതപരമായ ഒരു വിഷയമേയല്ല. വിശുദ്ധഗ്രന്ഥത്തിൽ പ്രതിപാദിക്കുകയോ സഭയുടെ വിശ്വാസപ്രമാണത്താൽ വിലക്കപ്പെട്ടതോ ആയ ഒരു വിഷയമാല്ലിത്. സഭാധികാരികൾതന്നെ ഇപ്പോൾ പറഞ്ഞുനടക്കുന്നത്കൃത്രിമജനനനിയന്ത്രണം പ്രകൃതിനിയമത്തിന് എതിരാണന്നാണ്. 90 % കത്തോലിക്കരും കൃത്രിമജനനനിയന്ത്രണം പ്രകൃതിക്കെതിരായി ചെയ്യുന്ന തിന്മയാണന്ന് കരുതുന്നില്ല. ഗർഭാധാനപ്രതിരോധനം വിശ്വാസികൾക്ക് സ്വീകാര്യവും നിയമപരവും സധാരണവുമാണ്. അതിനുള്ള തെളിവാണ് ഒന്നും രണ്ടും കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ. ചിത്തഭ്രമം സംഭവിച്ചവർ മാത്രമെ ഗർഭാധാരണപ്രതിരോധനം തെറ്റാണന്നു പറയൂ. സെക്സ് സന്താനോത്പാദനത്തിനുവേണ്ടി പ്രകൃതി കണ്ടുപിടിച്ചതാണന്നുള്ളത് ശരിതന്നെ. എന്നാൽ അതിനോട് അനുബന്ധമായ ഒരു കാര്യമാണ് സംഭോഗംവഴിയുള്ള സുഖാനുഭവം എന്ന കുസൃതി. ഭക്ഷണം കഴിക്കുന്നത്‌ ജീവൻ നിലനിർത്താൻവേണ്ടിയാണ്. എന്നുവെച്ച് ഭക്ഷണം കഴിക്കുന്നതിലെ ആസ്വാദനം മുഴുവൻ പ്രകൃതിവിരുദ്ധമാകുമോ? സൌഹൃതം പങ്കുവെക്കാനായി ഒരാൾ കൂടുതൽ ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തെന്നിരിക്കും. അതുപോലെ സ്നേഹപ്രകടനത്തിനായി ഭാര്യാഭാർത്താക്കന്മാർ കുട്ടികളെ ജനിപ്പിക്കണമെന്നുള്ള ഉദ്ദേശമില്ലാതെയും സംഭോഗം നടത്തിയെന്നിരിക്കും. അതെങ്ങനെ പ്രകൃതിക്കെതിരായ തെറ്റാകും? സെക്സിനെ സ്വാദുള്ളതായി കാണാൻ സഭാധികാരികൾ കൂട്ടാക്കാത്തത് ചരിത്രപരമായ ചില കാര്യങ്ങൾ അതിൽ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. സഭയിലെ പൂർവ്വപിതാക്കന്മാർക്ക് സെക്സ് കണ്ണിലെ കരടായിരുന്നു. അതുകൊണ്ടാണല്ലോ അവിവാഹിതപൌരോഹിത്യത്തിന് ഇന്നും കമ്പോളനിരക്ക് അധികമായിട്ടുള്ളത്. തോമസ്‌ അക്വീനാസിൻറെ അഭിപ്രായം വിശുദ്ധപാത്രം കൈകാര്യം ചെയ്യുന്ന കൈകൾ പരിശുദ്ധമായിരിക്കമെങ്കിൽ പുരോഹിതർ ചാരിത്രഭംഗം ഇല്ലാത്തവനായിരിക്കണമെന്നാണ്. അപ്പോൾ പത്രോസിൻറെ കൈകൾക്ക് കർത്താവിനെ സ്പർശിക്കാൻ യോഗ്യത ഇല്ലായിരുന്നുയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു കാലത്ത് സഭാപിതാക്കന്മാർക്കു മനുഷശരീരം മുഴുവൻ വെടിപ്പുള്ളതായിരുന്നില്ല. ഇത്തരം ചിന്താഗതിയുടെ പിൻഫലമാണ് ഗർഭാധാനപ്രതിരോധനത്തോടുള്ള  എതിർപ്പെന്ന് പറയേണ്ടിവരുന്നു. ആധുനിക കാലത്ത് സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് പ്രധാന കാരണം ജനനനിയന്ത്രണത്തിനെതിരായി പള്ളിപ്രസംഗപീഠങ്ങൾ ഉപയോഗിക്കുന്നതാണ്. സാധാരണ വിശ്വാസികൾ പുരോഹിതരുടെ പ്രസംഗം കേട്ടിട്ടല്ലാ അവർക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നതെന്ന വസ്തുതപോലും മനസ്സിലാക്കാനുള്ള വിവരം ഈ പരമാധികാരികൾക്കില്ല. മെത്രാന്മാരും വൈദികരും എന്തിന് സദാചാര പോലീസുകാരെപ്പോലെ കാണ്ഠം (condom) പൊലീസുകാരാകുന്നു? ബുദ്ധിയും ബോധവുമുള്ള സഭാപൗരർ അവരുടെ സെക്സ്കാര്യം അവർതന്നെ തീരുമാനിച്ചുകൊള്ളും.

നല്ലപോലെ ചിരിച്ചുകൊണ്ട് ചില രാഷ്ട്രീയ ഭ്രാന്തന്മാരും ഗർഭനിരോധനം തലവെട്ടലാണന്നുവരെ പറഞ്ഞുകളയും, വോട്ടുകിട്ടാനായി. പരിണാമസിദ്ധാന്തത്തെയും ലോകവ്യാപക താപവർദ്ധനവിനേയും ഗർഭനിരോധനത്തെയുമെല്ലാം തള്ളിപ്പറയുന്ന രാഷ്ട്രീയക്കാരും മതമേധാവികളും സാമാന്യബുദ്ധിയില്ലാത്തവരും അവസരവാദികളുമാണ്. അവരുടെ വിചാരം മതസ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരാണന്നാണ്. " സഭയുടെ തത്വങ്ങളെ തള്ളിപറയുന്നതിലും മെച്ചം മരിക്കുകയാണ്" എന്നുവരെ ഇക്കൂട്ടർ പറഞ്ഞുകളയും! സഭയും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതിനൊക്കെ കാരണം.അമേരിക്കയിലെ പിയോറിയ (Peoria) രൂപതാമെത്രാൻ പ്രസിഡൻറു് ബറാക് ഒബാമയെ നാസി ഹിറ്റ്ലറോടും റഷ്യൻ സ്റ്റലിനൊടുമാണ് ഉപമിച്ചത്. സഭാസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ മതങ്ങളിലുംപെട്ട ജീവനക്കാർക്ക് ഹെൽത്ത് ഇൻഷ്വറൻസുവഴി അവർ ആവശ്യപ്പെട്ടാൽ ഗർഭനിരോധന ഗുളികകൾ നല്കണമെന്നുള്ള നിയമം കൊണ്ടുവന്നതാണ് അതിനു കാരണം. ന്യൂയോർക്ക് അതിരൂപതയും തൊഴിലാളി യൂണിയനും തമ്മിലുള്ള ചർച്ചവഴി പത്തുവർഷം മുമ്പുമുതൽ ഗർഭനിരോധനഗുളികകൾ ആവശ്യപ്പെടുന്ന ജീവനക്കാർക്ക് നല്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ വിഷയത്തിലെ വിചിത്രമായ കാര്യം.


സഭയിലെ ചില കാതലായ സിദ്ധാന്തങ്ങൾവരെ മാറ്റി എഴുതപ്പെട്ടിട്ടുണ്ട്. സഭയ്ക്ക്പുറത്ത് നിത്യരക്ഷയില്ലന്നും അവരെല്ലാം നിത്യനരഗാഗ്നിക്ക് യോഗ്യരാണന്നും യൂജീൻ നാലാമൻ മാർപാപ്പ 1441-ൽ പഠിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയായപ്പോൾ ഈ സിദ്ധാന്തത്തെ മാറ്റിക്കുറിച്ചു. മറ്റു മതസ്ഥരും നിരീശ്വരരുമെല്ലാം ഔപചാരികമായി കത്തോലിക്കാസഭയിലെ അംഗങ്ങളല്ലെങ്കിലും സഭയുമായുള്ള നിഗൂഢബന്ധത്തിൻറെ അടിസ്ഥാനത്തിൽ ക്രിസ്തുവിൻറെ അനുഗ്രഹങ്ങളിൽ അവരും പങ്കാളികളായി നിത്യരക്ഷ പ്രാപിക്കുമെന്ന് ഇപ്പോൾ പോപ്പുമാർ പഠിപ്പിക്കുന്നു. 1014-ൽ വിശ്വാസപ്രമാണത്തിൽ 'പുത്രനിൽ നിന്നും' എന്നുകൂടി കൂട്ടിച്ചേർത്ത് ത്രിത്വത്തിൻറെ ദൈവശാസ്ത്രത്തിൽ ഭേദഗതിവരുത്തി. അതിനുമുൻപ്‌ പരിശുദ്ധാത്മാവ് പിതാവിൽനിന്നു മാത്രമായിരുന്നു പുറപ്പെടുന്നത്. പിന്നീടത് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി. ഇന്ന് ലോകം മുഴുവൻ ചൊല്ലുന്ന വിശ്വാസപ്രമാണത്തെ തിരസ്ക്കരിച്ച്‌, 'പുത്രനിൽ നിന്നും' എന്നത് നീക്കംചെയ്ത് 1014- ന് മുൻപുള്ള വിശ്വാസപ്രമാണത്തിലേയ്ക്ക് സീറോ മലബാർ സഭ തിരിച്ചുപോയന്നുകേട്ടു. അപ്പോൾ സഭയുടെ ഏറ്റവും കാതലായ വിശ്വാസപ്രമാണത്തെവരെ ഇട്ടു വട്ടുതട്ടുമ്പോൾ സഭയിൽ മാറ്റങ്ങൾ സംഭാവികുമോ എന്ന ചോദ്യംതന്നെ എനിക്ക് ബാലിശമായി തോന്നുന്നു. സഭ ഒരു തീർത്ഥാടന സഭയാണ്. ആ സഭയിൽ മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷെ മാറ്റങ്ങൾ സഭയിൽ സാവധാനമെ സംഭവിക്കൂ. നല്ലക്രിസ്ത്യാനികൾ ക്ഷമയോടെ കാത്തിരിക്കുക.

No comments:

Post a Comment