Monday 25 September 2017

മാർട്ടിൻ ലൂഥറിൻറെ 95 വാദമുഖങ്ങൾ - ഒരവലോകനം

മാർട്ടിൻ ലൂഥറിൻറെ 95 വാദമുഖങ്ങൾ - ഒരവലോകനം

ചാക്കോ കളരിക്കൽ

കത്തോലിക്ക സഭ ആചരിക്കുന്ന സകലവിശുദ്ധരുടെ തിരുനാളിൻറെ തലേദിവസം ( ഒക്ടോബർ 31 , 1517 ) മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്ന്യാസവൈദികൻ വിറ്റൻബെർഗ് കാസിൽ ചർച്ചിൻറെ പ്രധാന കവാട വാതിലിൽ വിറ്റൻബെർഗ് യൂണിവേഴ്സിറ്റിയിൽ സംവാദത്തിനായി 95 സംവാദ വിഷയങ്ങൾ (Theses ) പതിപ്പിക്കുകയുണ്ടായി. സംവാദ വിഷയങ്ങൾ കാട്ടുതീപോലെ യൂറോപ്പുമുഴുവൻ പടരുകയും അത് ഒരു വൻപിച്ച ആധ്യാത്മിക നവോദ്ധാനത്തിന് (Protestant Reformation) വഴിതെളിക്കുകയുമുണ്ടായി. അതോടെ യൂറോപ്പിലെ മധ്യകാലയുഗങ്ങൾക്ക് വിരാമം കുറിച്ച് ആധുനിക കാലഘട്ടത്തിന് ആരംഭമായി എന്നുപറയാം.
കത്തോലിക്ക സഭയുടെ ദണ്ഡവിമോചന (Indulgence) വില്പനയ്ക്കെതിരായി പ്രസ്താവരൂപമായ കുറെ സംവാദവിഷയങ്ങൾ അവതരിപ്പിച്ച് പണ്ഡിതോചിതമായ ഒരു ചർച്ചയ്ക്ക് തുടക്കം കുറിക്കുക എന്നതായിരുന്നു ലൂഥറിൻറെ ലക്ഷ്യം. ചോദ്യങ്ങളുടെയും പ്രസ്താവങ്ങളുടെയും ഒരു സമാഹാരമായിരുന്നു ലൂഥറിൻറെ വാദമുഖങ്ങൾ. സഭയുടെ ഔദ്യോഗിക പഠനങ്ങളെ  വിനയഭാവത്തിൽ, ലളിതമായ രീതിയിൽ ലൂഥർ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. കത്തോലിക്ക സഭയുടെ പല സുപ്രധാന സിദ്ധാന്തങ്ങളുടെയും കടക്ക് കോടാലിയായി മാറി, അത് - ഉദാഹരണത്തിന് മനസാക്ഷിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ദൈവവും മനുഷ്യനുമായുള്ള അടുപ്പം. പാപമോചനം പശ്ചാത്താപംവഴി സാധ്യമെങ്കിലും ദണ്ഡവിമോചനം വിലയ്ക്കുവാങ്ങി ശുദ്ധീകരണസ്ഥലത്തുനിന്നും തടിതപ്പുന്ന വികല ദൈവശാസ്ത്രത്തെയാണ്  ലൂഥർ എതിർത്തത്.

ലൂഥറിൻറെ 95 തീസിസ് ഉൾക്കൊണ്ട " ഡിസ്പൊസിഷൻ ഓൺ ദി പവർ ആൻഡ് എഫിക്കസി ഓഫ് ഇൻഡൾജൻസസ്‌" (Disposition on the Power and Efficacy of Indulgences) എന്ന രേഖ എന്താണ്, അതെഴുതാൻ ലൂഥറെ പ്രേരിപ്പിച്ചതെന്ത്, ലോകത്തിൽ അതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്ന് ചിന്തിക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ മതപരിവർത്തന വിപ്ലവത്തിലേയ്ക്ക് നാമെത്തിച്ചേരും. 95 വാദമുഖങ്ങൾ ചോദ്യങ്ങൾ മാത്രമായിരുന്നു; കുറ്റപ്പെടുത്തലോ പ്രകോപിപ്പിക്കുകയോ ആയിരുന്നില്ല. ദണ്ഡവിമോചന വില്പനയും പേപ്പസിയുടെ അധാർമ്മികതയും ലൂഥറിൻറെ സംവാദവിഷയങ്ങളിൽപ്പെടും.

ലൂഥറിൻറെ 95 സംവാദ വിഷയങ്ങളുടെ കാതൽ മൂന്ന് പ്രധാനപ്പെട്ട പ്രസ്ഥാവങ്ങളായി ചുരുക്കാം - റോമിലെ പത്രോസിൻറെ ബസലിക്ക പണിക്ക് ദണ്ഡവിമോചനം വിറ്റുള്ള ധനശേഖരണം തെറ്റ്; ശുദ്ധീകരണസ്ഥലത്തിന്മേൽ പോപ്പിന് അധികാരമൊന്നുമില്ല; ദണ്ഡവിമോചനം വാങ്ങിക്കുകവഴി വിശ്വാസികളിൽ തെറ്റായ ഒരു സുരക്ഷിതാബോധവും അതുവഴി അവരുടെ നിത്യരക്ഷ അപകടത്തിലാകുകയും ചെയ്യുന്നു. ആഗോള സഭയിലെ വരുമാനം മുഴുവൻ മതിവാരത്തെ ബസലിക്കക്കായി ചിലവഴിക്കുന്നത് തെറ്റാണ്. പ്രാദേശിക പള്ളികളിൽനിന്നുള്ള പിടിച്ചുപറിയാണത്. ഓരോ വിശ്വാസിയും ജീവിക്കുന്ന ദേവാലയമാണ്. അതുകൊണ്ട് ബസലിക്കനിർമ്മാണം അനാവശ്യമാണ്. ധനവാനായ പോപ്പിന് എന്തുകൊണ്ട് സ്വന്തം കീശയിലെ പണംകൊണ്ട് ബസലിക്ക പണിതുകൂടാ? അതിലൊരു പടികൂടി കടന്ന് ലൂഥർ ചോദിക്കുന്നു: ബസലിക്ക വിറ്റ്, കിട്ടുന്ന പണം ആക്രിവ്യാപാരികൾ (ദണ്ഡവിമോചന സർട്ടിഫിക്കറ്റ് വിറ്റുനടക്കുന്നവർ) കൊള്ളയടിക്കുന്ന  ദരിദ്രവിശ്വാസികൾക്ക് എന്തുകൊണ്ട് നൽകുന്നില്ല? പോപ്പിന് ശുദ്ധീകരണസ്ഥലത്തിന്മേൽ യാതൊരുവക അധികാരവുമില്ല. ഉണ്ടായിരുന്നുയെങ്കിൽ പോപ്പ് എന്തുകൊണ്ട് ശുദ്ധീകരണസ്ഥലം കാലിയാക്കുന്നില്ല? ദണ്ഡവിമോചനം മനുഷ്യരിൽ തെറ്റായ ധാരണകളെ സൃഷ്ടിക്കുകയും അവരിലുള്ള അനുകമ്പയും ദീനദയാലിത്വവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് ദാനധർമ്മം ചെയ്യുന്നതാണ് പാപമോചനത്തെക്കാൾ മികച്ചതെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കുകയാണുവേണ്ടത്. ദണ്ഡവിമോചനം വിലയ്ക്കുവാങ്ങി പാപപ്പൊറുതി നേടുന്നത് സ്വന്തം ആത്മാവ് നഷ്ടപ്പെടുന്ന വിനാശകരമായ പ്രവർത്തിയാണ്.

ലൂഥർ തൻറെ സംവാദവിഷയങ്ങൾ പരസ്യം ചെയ്തപ്പോൾ സഭയുടെ വിശ്വാസപ്രമാണങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ പ്രതിഷേധമാണെന്നും അതിനെ മതനിന്ദയായി സഭ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കണം.
കത്തോലിക്ക സഭയുടെ അപഭ്രംശം, വൈദികബ്രാഹ്മചര്യം, പോപ്പിൻറെ അധികാര ദുർവിനയോഗം, വചനത്തെ നിഷേധിക്കുക, കുർബ്ബാന കൈകൊള്ളുമ്പോൾ കർത്താവിൻറെ തിരുരക്തം പുരോഹിതർക്കല്ലാതെ അല്മായർക്ക് നിഷേധിക്കുക, വിശുദ്ധരോടുള്ള ഉപാസനം, സൽപ്രവർത്തികളിലൂടെയുള്ള നിത്യരക്ഷപ്രാപ്തി തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്ക പഠനങ്ങളിൽനിന്നും വേറിട്ട ഒരു ദൈവശാസ്ത്രത്തിൻറെ  ഉടമയായിരുന്നു, ലൂഥർ. വിശ്വാസത്തിലൂടെ നീതീകരിക്കപ്പെടുക, ദൈവകൃപയിലൂടെ രക്ഷപ്രാപിക്കുക, ബൈബിൾ സഭാജീവിതത്തിൻറെ അടിത്തറ തുടങ്ങിയ ലൂഥറിൻറെ ആശയങ്ങൾ യൂറോപ്പിലെ കത്തോലിക്കർ വളരെ കാലമായി കാത്തിരുന്ന സഭാനവീകരണത്തിനുള്ള വാതിൽപ്പടിയായി മാറ്റി.

കത്തോലിക്ക സഭയിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും ആധ്യാത്മികവുമായ അഴിമതികളിൽ അസന്തുഷ്ടനും ഉത്കണ്ഠിതനും അസ്വസ്ഥനുമായിരുന്നു, ലൂഥർ. കത്തോലിക്ക സഭയുടെ നയരൂപീകരണ സംവാദങ്ങളിൽ പൂർണമായ സഭാനവീകരണത്തിൻറെ ആവശ്യമുന്നയിച്ച് ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു, അത്. സഭാധികാരികളുടെ ചൂഷണത്തിലും ആധിപത്യത്തിലും വീർപ്പുമുട്ടി നിന്നിരുന്ന അന്നത്തെ സാധാരണക്കാരായ വിശ്വാസികൾ ലൂഥറിൻറെ വാദമുഖങ്ങളിൽ ആകൃഷ്ടരായി. വാദമുഖങ്ങൾ ജർമ്മൻ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്ത് അച്ചടിപ്പിച്ച് വിപുലമായ രീതിയിൽ വിതരണം ചെയ്തു.
അന്നത്തെ കത്തോലിക്ക സഭയുടെ ശ്രദ്ധാകേന്ദ്രം ശുദ്ധീകരണസ്ഥലം, നരകം, മാലാഖമാർ, പിശാചുക്കൾ, പാപം, നിത്യവിധി, പുണ്ണ്യവാളന്മാർ തുടങ്ങിയവകളിലായിരുന്നു. നിത്യവിധിയാളനും സമീപിക്കാൻ അപ്രാപ്യനുമായി യേശുവിനെ അവതരിപ്പിച്ചിരുന്നു. വിശുദ്ധരും കന്യകാമാതാവുമാണ് യേശുവിനെ സമീപിക്കാനുള്ള ഇടനിലക്കാരെന്നും വിശ്വാസികളെ സഭ പഠിപ്പിച്ചിരുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസവും അവൻറെ കൃപയുമാണ് നിത്യരക്ഷക്കുള്ള ആധാരമെന്ന് ലൂഥർ വിശ്വസിച്ചു. സഭയുടെ പരമോന്നത അധികാരിയുടെ പ്രാമാണികത്വത്തെക്കാൾ വിശുദ്ധ ഗ്രന്ഥത്തിൻറെ സർവപ്രമുഖതയെപ്പറ്റിയും സത്കർമ്മങ്ങളിലൂടെ നിത്യരക്ഷ അപ്രാപ്യമെന്നും ദൈവകൃപവഴിമാത്രമേ അത് സാധിക്കുകയൊള്ളൂയെന്നും ആഗസ്ത്തീനോസ്  പുണ്ണ്യവാളൻ (340 – 430) തൻറെ എഴുത്തുകളിൽ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ആഗസ്തീനോസിൻറെ കാലത്ത് ഇന്നത്തെയിനം  പോപ്പും മഹറോനും ഇല്ലാതിരുന്നതിനാൽ ആഗസ്തീനോസ് രക്ഷപെട്ടു. നിത്യരക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും ദൈവകൃപയിലൂടെയും മാത്രമേ സാധ്യമാകൂയെന്ന് ഉറച്ചുവിശ്വസിച്ച ലൂഥറിന് അദ്ദേഹത്തിൻറെ മനസാക്ഷിയെ വഞ്ചിച്ച് മറിച്ചുപറയാൻ കഴിഞ്ഞില്ല.

ദണ്ഡവിമോചന സിദ്ധാന്തം കത്തോലിക്ക സഭയുടെ പിൻകാല കണ്ടുപിടുത്തമാണ്. അത് സഭാപിതാക്കന്മാർക്കും കർത്താവിൻറെ പന്ത്രണ്ട് ശിഷ്യന്മാർക്കും അറിയപ്പെടാത്ത ഒരു സിദ്ധാന്തവുമാണ്. രൂപതാധികാരികളിൽനിന്നും ദണ്ഡവിമോചന സർട്ടിഫിക്കറ്റ് പണം മുടക്കി വാങ്ങിയാൽ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപകടങ്ങൾ മോചിക്കപ്പടും എന്ന വികല ദൈവശാസ്ത്രമാണ് കച്ചവടത്തിൻറെ പിന്നിലെ ആധാരം. കുന്തീദേവിയുടെ അക്ഷയപാത്രംപോലെ യേശുവിൻറെയും കന്യകയായ മറിയത്തിൻറെയും സഭയിലെ വിശുദ്ധരുടെയും അളവറ്റ സുകൃതങ്ങളിൽനിന്നുമാണ് വാരിക്കോരി ദണ്ഡവിമോചനം വിറ്റിരുന്നത്. റോമിലെ പത്രോസിൻറെ ബസലിക്കയുടെ പണിക്കായി ജർമ്മനി മുഴുവൻ ദണ്ഡവിമോചന വിൽപ്പനപ്രസംഗത്തിലൂടെ ധനശേഖരം നടത്തിയതാണ് നമ്മുടെ കഥാനായകനെ ചൊടിപ്പിക്കാൻ കാരണമായത്. വിശ്വാസത്തിൽകൂടിമാത്രം രക്ഷപ്രാപിക്കുമെന്നും അത് ദൈവത്തിൻറെ ദാനമാണെന്നും പള്ളിയല്ല തിരുവചനമാണ് വിശ്വാസത്തിൻറെ അടിസ്ഥാനമെന്നും ലൂഥർ ഉറച്ച് വിശ്വസിച്ചിരുന്നുസഭയുടെ വഞ്ചകമായ സന്ദേശം സാധാരണ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണെന്ന് മനസിലാക്കിയ ലൂഥറിൽ ധാർമികരോഷം ഇരമ്പിക്കയറി. അതിൻറെ ബഹിർസ്പുരണമായിരുന്നു സതീർത്ഥ്യരുമായി സംവാദിക്കാൻ വിഷയങ്ങളുമായി അദ്ദേഹം മുൻപോട്ടുവന്നത്. ലൂഥർ ഒരുപക്ഷെ ദണ്ഡവിമോചനത്തിന് എതിരായിരിക്കാൻ സാധ്യതയില്ല; മറിച്ച്, അതിൻറെ വിൽപ്പനയിലെ ദുരുപയോഗത്തിനെതിരായിരിക്കാനാണ് കൂടുതൽ സാധ്യത എന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. എന്നാൽ അദ്ദേഹത്തിൻറെ ഓരോ വാദമുഖങ്ങളെയും കാര്യമായി വിശകലനം ചെയ്താൽ ദണ്ഡവിമോചനവില്പനയിൽ ഗുരുതരമായ അപാകതകൾ ഉണ്ടെന്നിരുന്നാലും ദണ്ഡവിമോചനത്തിൽ അന്തർലീനമായ ദൈവശാസ്ത്രത്തെയാണ് അദ്ദേഹം ഖണ്ഡിക്കുന്നത് എന്നു മനസിലാകും. ദണ്ഡവിമോചനത്തിലൂടെയുള്ള ആത്മാക്കളുടെ കടംനീക്കി നിത്യരക്ഷ പ്രാപിക്കുന്ന നടപടിക്രമം ശരിയല്ല. ബൈബിളിനെ ആധാരമാക്കിയല്ലാതെ പാരമ്പര്യത്തിലധിഷ്ടിതമായ രക്ഷാനടപടിയായി ദണ്ഡവിമോചനത്തെ ലൂഥർ കണ്ടു. പാപത്തെപ്പറ്റി മനഃസ്ഥപിക്കുന്ന ഒരാത്മാവ് ദൈവകൃപയാൽ നിത്യരക്ഷ പ്രാപിച്ചുകഴിഞ്ഞു. വിശ്വാസംമൂലം അയാൾ നീതീകരിക്കപ്പെട്ടുകഴിഞ്ഞു. കുമ്പസാരമോ പശ്ചാത്താപമോ കൂടാതെ ദണ്ഡവിമോചനം വാങ്ങിയതിൻറെ രസീത് ദൈവത്തെ കാണിച്ചാൽ സ്വർഗം പൂകാമെന്ന വാണിജ്യതന്ത്രത്തെയാണ് ലൂഥർ എതിർത്തത്. ലൂഥറിൻറെ വാദവിഷയങ്ങളുടെ ഒരു മഹാപ്രവാഹംതന്നെ ഉണ്ടാകാൻ അത് കാരണമായി.

താൻ എഴുതിയ വാദമുഖങ്ങളെ തൻറെ മനഃസാക്ഷിക്കെതിരായി അസാധുവാക്കുകയോ പിൻവലിക്കുകയോ ചെയ്യുകയില്ലെന്ന് ലൂഥർ ജർമ്മൻ ജനപ്രതിനിധിസഭയിൽ (Parliament) വത്തിക്കാൻ പ്രതിനിധി മുൻപാകെ പ്രഖ്യാപിച്ചു.കഥാനായകൻറെ നാട് സാക്സണി (Saxony) വിശുദ്ധ റോമാസാമ്രാജ്യാതൃത്തിലും റോമൻ ചക്രവർത്തിയുടെയും പോപ്പിൻറെയും കീഴിലുമായിരുന്നു. ലിയോ പത്താമൻ മാർപാപ്പ 1529 - ലൂഥറിനെ മതനിന്ദകനായി (Heretic) പ്രഖ്യാപിച്ച് സഭാഭ്രഷ്ടനാക്കി. ആർക്കുവേണമെങ്കിലും അദ്ദേഹത്തെ വധിക്കാമെന്നും പ്രഖ്യാപനമുണ്ടായി. പ്രിൻസ് ഫെഡറിക്കിൻറെ സംരക്ഷണത്തിൽ ലൂഥർ കഴിഞ്ഞുകൂടി. കാലഘട്ടത്തിൽ ബൈബിളിൻറെ ജർമ്മൻ പരിഭാഷയിൽ അദ്ദേഹം വ്യാവൃതനായി.

ലൂഥറെ അനുകൂലിച്ചവരെ പ്രൊട്ടസ്റ്റാൻഡ്  (Protestant) എന്ന് വിശേഷിപ്പിച്ചുതുടങ്ങിയത് ലൂഥറിൻറെ വാദമുഖങ്ങൾ പ്രസിദ്ധം ചെയ്ത് ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ്. ലൂഥർ നവോദ്ധാനത്തിനുള്ള വഴി തെളിച്ചെങ്കിലും ലൂഥറിൻറെ മരണശേഷം മാത്രമാണ് നവോദ്ധാന പ്രക്രിയയും പ്രൊട്ടസ്റ്റാൻഡ് സഭയും ആരംഭിച്ചത്. ലൂഥറിൻറെ ജീവിതത്തെ സംബന്ധിച്ച്കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ചരിത്രപുസ്തകങ്ങൾ ധാരാളമുണ്ട്. കത്തോലിക്ക/പ്രൊട്ടസ്റ്റാൻഡ് എഴുത്തുകാരിൽ ഒട്ടേറെപ്പേർ ലൂഥറിനെ സംബന്ധിച്ചുള്ള ചരിത്രസൃഷ്ടിയിൽ അന്നും ഇന്നും വ്യാവൃതരാണ്.

അധികാരമത്തുപിടിച്ച സഭ മതനിന്ദ ആരോപിച്ച് വധസ്തംഭത്തിൽ കെട്ടി ജീവനോടെ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ വിശുദ്ധ ജൊഹാൻ ഓഫ് ആർകിനെ (Joan of Arc , 1412 - 1434 ) 1920 - കത്തോലിക്ക സഭയിലെ ഒരു പുണ്ണ്യവതിയായി ബെനെഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രഖ്യാപിച്ചതുപോലെ മരണത്തോടെ സഭാഭ്രഷ്ടിൽനിന്നും ഒഴിവായിട്ടുള്ള മാർട്ടിൻ ലൂഥറെ ഭാവിയിലെ ഒരു മാർപാപ്പ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കരുതാം.

No comments:

Post a Comment