Sunday, 22 October 2017

ബ്ലോഗ്‌ പതിപ്പിനെക്കുറിച്ച്

അലക്സ്‌ കണിയാംപറമ്പില്‍
ശ്രീ ചാക്കോ കളരിക്കല്‍ എന്റെ സുഹൃത്താണ്. എന്നു പറയുമ്പോള്‍ അദ്ദേഹം എന്നെപ്പോലെയാണെന്നു താഴ്ത്തികെട്ടുകയല്ല; മറ്റു പല കാര്യങ്ങളിലും എന്ന പോലെ സഭാകാര്യങ്ങളില്‍ മഹാ പണ്ഡിതനാണദ്ദേഹം അടിത്തൂണ്‍ പറ്റിയതിനുശേഷം ചാക്കോച്ചന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് കത്തോലിക്കാസഭയെക്കുറിച്ചുള്ള പഠനത്തിനും, മനനത്തിനും എഴുത്തിനും വേണ്ടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അതിന്റെ ഫലമാണ് ഒരു നോവല്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍.
ഇതുകൊണ്ട് സഭയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നു ചിന്തിക്കുന്ന സിനിക്കുകള്‍ പുരോഹിതരുടെയിടയിലും അല്‍മായരുടെ ഇടയിലും ധാരാളമുണ്ട്. ചാക്കോച്ചനെപ്പോലെതന്നെ അവരോടു യോജിക്കാന്‍ എനിക്കാവുന്നില്ല. എതിര്‍പ്പുകള്‍ ഇല്ലാതിരുന്നെങ്കില്‍, ഇഷ്ടമില്ലാത്തവരെ ജീവനോടെ ചുട്ടുകരിക്കുന്ന നമ്മുടെ പഴയ “പാരമ്പര്യം”ഇന്നും തുടര്‍ന്നേനെ.
പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായ എതിര്‍പ്പുകളില്‍ നിന്ന് എന്തെങ്കിലും പാഠം പഠിക്കാന്‍ നമ്മുടെ കേരള കത്തോലിക്കാസഭയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നമ്മുടേതായ എതിര്‍പ്പുകള്‍ പൊട്ടിമുളച്ചു. ലോകത്തെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ സഭയോട് എതിര്‍ത്തവരുടെ കാര്യം വളരെ കഷ്ടമായിരുന്നു. ബര്‍ട്രാണ്ട് റസ്സലിനെ പോലുള്ളവര്‍ പടിഞ്ഞാറന്‍ നാടുകളില്‍ ബഹുമാനിക്കപെട്ടപ്പോള്‍ റസ്സലിന്റെ അത്രതന്നെ ബൌദ്ധിക ഔന്നത്യം ഉള്ള നമ്മുടെ സ്വന്തം എം.പി. പോള്‍സാറിന്റെ ഭൌതികാവശിഷ്ടം ഇന്നും തിരുവന്തപുരത്തെ ഒരു പള്ളിയിലെ തെമ്മാടിക്കുഴിയില്‍ സഹായിക്കുന്നു. കത്തോലിക്കാ സഭയിലെ ഒരു പൂച്ചക്കുഞ്ഞ് പോലും നാളിതുവരെ ഇക്കാര്യത്തില്‍ ഒരു ഖേദ പ്രകടനം പോലും നടത്തിയിട്ടില്ല
എന്നിരുന്നാലും, അഷോഭ്യരായി നടിക്കുന്നുണ്ടെങ്കിലും നമ്മുടെ സഭാധികൃതര്‍ക്ക് എതിര്‍പ്പിനെ ഭയമാണ്. ആ ഭയമാണ് എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍.
ക്രിസ്തീയ സഭയാണ് കേരളത്തില്‍ വിദ്യ ഏവരിലും എത്തിക്കാന്‍ ആദ്യമായി ശ്രമങ്ങള്‍ ആരംഭിച്ചത്. അന്ന് നമ്മുടെ കത്തോലിക്കാ സഭ പുറംതിരിഞ്ഞു നിന്നു. ഇക്കാര്യം വരുമ്പോള്‍ മാത്രം നമ്മുടെ വൈദികര്‍ “കത്തോലിക്കാസഭ” എന്നു പറയാതെ, “ക്രിസ്തീയസഭ” എന്നു പറഞ്ഞുകളയും! പുറംതിരിഞ്ഞു നിന്നതിന്റെ പിന്നില്‍ വിവരമില്ലാത്തവനായി ലോകാവസാനംവരെ കഴിയേണ്ട അത്മായന് വിവരം വച്ചാലോ എന്ന ഭയം തന്നെ ആയിരുന്നു കാരണം. ആദ്യകാലതെങ്കിലും വിദ്യ നേടിയവരെ പുരോഹിതര്‍ പുച്ഛത്തോടെ കണ്ടു –നിങ്ങള്‍ എത്ര പഠിച്ചാലും ഞങ്ങളോളം വരില്ല!
പത്രപ്രവര്‍ത്തനരംഗത്തും, പ്രസാധനരംഗത്തും കേരള കത്തോലിക്കാസഭ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷെ, ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാലം വന്നപ്പോള്‍, സഭ ആകെ പകച്ചു നില്‍ക്കുകയാണ്. പുരോഹിതവര്‍ഗത്തിന്,കുബുദ്ധിയും, സാമര്‍ഥ്യവും ലഭിക്കുന്നത് സെമിനാരി പരിശീലനകാലത്താണ്. പക്ഷെ ഇന്ന് ആ പുരോഹിതര്‍ കൊച്ചുകുട്ടികളുടെ മുമ്പില്‍, കമ്പ്യൂട്ടര്‍ മേഖലയില്‍, നിസ്സഹായരാണ്.
സഭയിലെ അഴിമതിയോട് പയറ്റാന്‍ പറ്റിയ ഏറ്റവും വലിയ ആയുധം ഇലക്ട്രോണിക് മാധ്യമം തന്നെയാണ്.
മലയാളി പൊതുവില്‍ ഇക്കാര്യത്തില്‍ പിറകോട്ടാണ്.കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ ടുഡേ, ഒരു പഠനത്തില്‍ “Malayalees can read and write; but they cannot drag and drop” എന്ന് പറഞ്ഞിരുന്നു. മലയാളി മറുനാട്ടിലെയ്ക്ക് കുടിയേപറുമ്പോഴും കൂടെകൊണ്ടുപോകുന്ന ഒന്നാണ് നമ്മുടെ ഗ്രാമീണാലാസ്യം. ആ അലസതയുടെ ഭാഗമാണ് പുതിയ സാങ്കേതികതയോടുള്ള ഭയം.സത്യം ഇങ്ങനെയൊക്കെയാണെങ്കിലും മാറ്റം വരുന്നത് വളരെ പെട്ടെന്നാണ്. മലയാള സാഹിത്യത്തില്‍ ഇന്ന് പഴയ മനസ്സുകള്‍ക്ക് തള്ളികളയാന്‍ വയ്യാത്ത അവസ്ഥയിലൊരു സ്ഥാനം ബ്ലോഗുകള്‍ കൈയ്യടക്കികഴിഞ്ഞു.
മാറ്റത്തിന്റെ ഇതുപോലൊരു വഴിത്തിരിവിലാണ് ചാക്കോ കളരിക്കലിന്റെ ധീരമായ ഈ പരീക്ഷണം.
മറ്റാരെയുംപോലെ അദ്ദേഹവും തന്റെ ചിന്തകള്‍ പുസ്തകരൂപത്തിലാക്കി. ഏതാണ്ട് ആയിരം കോപ്പികളാണ് സാധാരണഗതിയില്‍ അച്ചടിക്കുന്നത്.അതില്‍ ഇരുനൂറോളം കോപ്പികള്‍ എങ്ങിനെയെങ്കിലും തന്റെ താമസസ്ഥലത്ത് എത്തിക്കും. പിന്നെ ആ കോപ്പികള്‍ നിസ്സാരമാല്ലാത്ത ചെലവില്‍ സുഹൃത്തുക്കള്‍ക്ക് തപാലില്‍ അയച്ചുകൊടുക്കുകയായി. പല കോപ്പികളും ഷെല്‍ഫില്‍ നിത്യവിശ്രമം കൊള്ളും. കേരളത്തില്‍ ചില പ്രസാധകരുടെയെങ്കിലും വലയില്‍ ഒരിക്കല്‍ വീണാല്‍ പിന്നീടൊരിക്കലും പുസ്തകം പ്രസധീകരിക്കണമെന്ന് തോന്നുകയില്ല. അത്രയ്ക്ക് കയ്പ്പേറിയ അനുഭവങ്ങള്‍ പലരും പങ്കുവച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം ചാക്കോച്ചന്റെ പുസ്തകത്തിന്റെ ബ്ലോഗ്‌ പതിപ്പിനെ വിലയിരുത്താന്‍.
ഐ-പാഡ്, ബുക്ക്‌റീഡര്‍, സ്മാര്‍ട്ട്ഫോണുകള്‍, ഇനിയും വരാനിരിക്കുന്ന അനേകം പുതിയ ഗാട്ജെറ്റുകള്‍, വായന ഓലയില്‍ നിന്ന് കടലാസിലേയ്ക്ക് എന്നതുപോലെ, കടലാസ്സില്‍ നിന്ന് സ്ക്രീനിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തെ ആര്‍ക്കും തടയാനാവില്ല. എന്റെ തലമുറയില്‍ പലരും കമ്പ്യൂട്ടറിന്റെ മുമ്പില്‍ ദീര്‍ഘനേരമിരുന്നാല്‍ കണ്ണ് വേദനിക്കും എന്ന് പറയാറുണ്ട്‌. കുട്ടികള്‍ ആരും അങ്ങിനെ പറഞ്ഞു കേട്ടിട്ടില്ല. കണ്ണ് വേദനിക്കുന്ന തലമുറ, വേദനിക്കാത്ത തലമുറയ്ക്ക് വഴിമാറികൊടുക്കുമ്പോള്‍ അലമാരകളില്‍ നിന്ന് പുസ്തകങ്ങള്‍ അപ്രതക്ഷ്യമാകാം. അന്ന് ഇതുപോലെ ആയിരിക്കാം ഗ്രന്ഥങ്ങള് നിലനില്‍ക്കുന്നത്.
ചാക്കോച്ചന്‍ ഈ ബ്ലോഗിന്റെ ലിങ്ക് ഒരു ന്യൂ ഇയര്‍ സമ്മാനമായി തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞു. വെറും അമ്പത് പേര്‍ക്ക് ഇത് ജനുവരി ഒന്നാം തിയതി അയച്ചു കൊടുത്താല്‍, ഒരു വര്ഷം കൊണ്ട് ഇത് എത്ര പേരില്‍ എത്തുമെന്ന് ആര്‍ക്കും ഊഹിക്കാനാവില്ല.
പുതുവത്സരത്തില്‍ ചാക്കോച്ചന്റെ ചിന്തകള്‍ കമ്പ്യൂട്ടറില്‍നിന്ന് കമ്പ്യൂട്ടറിലെയ്ക്ക് പറക്കട്ടെ. ഒപ്പം മറ്റു എഴുത്തുകാര്‍ക്ക് ഇതൊരു നല്ല പ്രചോദനവും മാതൃകയുമാകട്ടെ.


അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment