Sunday, 22 October 2017

ബ്ലോഗ്‌ പതിപ്പിനെക്കുറിച്ച്

അലക്സ്‌ കണിയാംപറമ്പില്‍
ശ്രീ ചാക്കോ കളരിക്കല്‍ എന്റെ സുഹൃത്താണ്. എന്നു പറയുമ്പോള്‍ അദ്ദേഹം എന്നെപ്പോലെയാണെന്നു താഴ്ത്തികെട്ടുകയല്ല; മറ്റു പല കാര്യങ്ങളിലും എന്ന പോലെ സഭാകാര്യങ്ങളില്‍ മഹാ പണ്ഡിതനാണദ്ദേഹം അടിത്തൂണ്‍ പറ്റിയതിനുശേഷം ചാക്കോച്ചന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് കത്തോലിക്കാസഭയെക്കുറിച്ചുള്ള പഠനത്തിനും, മനനത്തിനും എഴുത്തിനും വേണ്ടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അതിന്റെ ഫലമാണ് ഒരു നോവല്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍.
ഇതുകൊണ്ട് സഭയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നു ചിന്തിക്കുന്ന സിനിക്കുകള്‍ പുരോഹിതരുടെയിടയിലും അല്‍മായരുടെ ഇടയിലും ധാരാളമുണ്ട്. ചാക്കോച്ചനെപ്പോലെതന്നെ അവരോടു യോജിക്കാന്‍ എനിക്കാവുന്നില്ല. എതിര്‍പ്പുകള്‍ ഇല്ലാതിരുന്നെങ്കില്‍, ഇഷ്ടമില്ലാത്തവരെ ജീവനോടെ ചുട്ടുകരിക്കുന്ന നമ്മുടെ പഴയ “പാരമ്പര്യം”ഇന്നും തുടര്‍ന്നേനെ.
പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായ എതിര്‍പ്പുകളില്‍ നിന്ന് എന്തെങ്കിലും പാഠം പഠിക്കാന്‍ നമ്മുടെ കേരള കത്തോലിക്കാസഭയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നമ്മുടേതായ എതിര്‍പ്പുകള്‍ പൊട്ടിമുളച്ചു. ലോകത്തെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ സഭയോട് എതിര്‍ത്തവരുടെ കാര്യം വളരെ കഷ്ടമായിരുന്നു. ബര്‍ട്രാണ്ട് റസ്സലിനെ പോലുള്ളവര്‍ പടിഞ്ഞാറന്‍ നാടുകളില്‍ ബഹുമാനിക്കപെട്ടപ്പോള്‍ റസ്സലിന്റെ അത്രതന്നെ ബൌദ്ധിക ഔന്നത്യം ഉള്ള നമ്മുടെ സ്വന്തം എം.പി. പോള്‍സാറിന്റെ ഭൌതികാവശിഷ്ടം ഇന്നും തിരുവന്തപുരത്തെ ഒരു പള്ളിയിലെ തെമ്മാടിക്കുഴിയില്‍ സഹായിക്കുന്നു. കത്തോലിക്കാ സഭയിലെ ഒരു പൂച്ചക്കുഞ്ഞ് പോലും നാളിതുവരെ ഇക്കാര്യത്തില്‍ ഒരു ഖേദ പ്രകടനം പോലും നടത്തിയിട്ടില്ല
എന്നിരുന്നാലും, അഷോഭ്യരായി നടിക്കുന്നുണ്ടെങ്കിലും നമ്മുടെ സഭാധികൃതര്‍ക്ക് എതിര്‍പ്പിനെ ഭയമാണ്. ആ ഭയമാണ് എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍.
ക്രിസ്തീയ സഭയാണ് കേരളത്തില്‍ വിദ്യ ഏവരിലും എത്തിക്കാന്‍ ആദ്യമായി ശ്രമങ്ങള്‍ ആരംഭിച്ചത്. അന്ന് നമ്മുടെ കത്തോലിക്കാ സഭ പുറംതിരിഞ്ഞു നിന്നു. ഇക്കാര്യം വരുമ്പോള്‍ മാത്രം നമ്മുടെ വൈദികര്‍ “കത്തോലിക്കാസഭ” എന്നു പറയാതെ, “ക്രിസ്തീയസഭ” എന്നു പറഞ്ഞുകളയും! പുറംതിരിഞ്ഞു നിന്നതിന്റെ പിന്നില്‍ വിവരമില്ലാത്തവനായി ലോകാവസാനംവരെ കഴിയേണ്ട അത്മായന് വിവരം വച്ചാലോ എന്ന ഭയം തന്നെ ആയിരുന്നു കാരണം. ആദ്യകാലതെങ്കിലും വിദ്യ നേടിയവരെ പുരോഹിതര്‍ പുച്ഛത്തോടെ കണ്ടു –നിങ്ങള്‍ എത്ര പഠിച്ചാലും ഞങ്ങളോളം വരില്ല!
പത്രപ്രവര്‍ത്തനരംഗത്തും, പ്രസാധനരംഗത്തും കേരള കത്തോലിക്കാസഭ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷെ, ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാലം വന്നപ്പോള്‍, സഭ ആകെ പകച്ചു നില്‍ക്കുകയാണ്. പുരോഹിതവര്‍ഗത്തിന്,കുബുദ്ധിയും, സാമര്‍ഥ്യവും ലഭിക്കുന്നത് സെമിനാരി പരിശീലനകാലത്താണ്. പക്ഷെ ഇന്ന് ആ പുരോഹിതര്‍ കൊച്ചുകുട്ടികളുടെ മുമ്പില്‍, കമ്പ്യൂട്ടര്‍ മേഖലയില്‍, നിസ്സഹായരാണ്.
സഭയിലെ അഴിമതിയോട് പയറ്റാന്‍ പറ്റിയ ഏറ്റവും വലിയ ആയുധം ഇലക്ട്രോണിക് മാധ്യമം തന്നെയാണ്.
മലയാളി പൊതുവില്‍ ഇക്കാര്യത്തില്‍ പിറകോട്ടാണ്.കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ ടുഡേ, ഒരു പഠനത്തില്‍ “Malayalees can read and write; but they cannot drag and drop” എന്ന് പറഞ്ഞിരുന്നു. മലയാളി മറുനാട്ടിലെയ്ക്ക് കുടിയേപറുമ്പോഴും കൂടെകൊണ്ടുപോകുന്ന ഒന്നാണ് നമ്മുടെ ഗ്രാമീണാലാസ്യം. ആ അലസതയുടെ ഭാഗമാണ് പുതിയ സാങ്കേതികതയോടുള്ള ഭയം.സത്യം ഇങ്ങനെയൊക്കെയാണെങ്കിലും മാറ്റം വരുന്നത് വളരെ പെട്ടെന്നാണ്. മലയാള സാഹിത്യത്തില്‍ ഇന്ന് പഴയ മനസ്സുകള്‍ക്ക് തള്ളികളയാന്‍ വയ്യാത്ത അവസ്ഥയിലൊരു സ്ഥാനം ബ്ലോഗുകള്‍ കൈയ്യടക്കികഴിഞ്ഞു.
മാറ്റത്തിന്റെ ഇതുപോലൊരു വഴിത്തിരിവിലാണ് ചാക്കോ കളരിക്കലിന്റെ ധീരമായ ഈ പരീക്ഷണം.
മറ്റാരെയുംപോലെ അദ്ദേഹവും തന്റെ ചിന്തകള്‍ പുസ്തകരൂപത്തിലാക്കി. ഏതാണ്ട് ആയിരം കോപ്പികളാണ് സാധാരണഗതിയില്‍ അച്ചടിക്കുന്നത്.അതില്‍ ഇരുനൂറോളം കോപ്പികള്‍ എങ്ങിനെയെങ്കിലും തന്റെ താമസസ്ഥലത്ത് എത്തിക്കും. പിന്നെ ആ കോപ്പികള്‍ നിസ്സാരമാല്ലാത്ത ചെലവില്‍ സുഹൃത്തുക്കള്‍ക്ക് തപാലില്‍ അയച്ചുകൊടുക്കുകയായി. പല കോപ്പികളും ഷെല്‍ഫില്‍ നിത്യവിശ്രമം കൊള്ളും. കേരളത്തില്‍ ചില പ്രസാധകരുടെയെങ്കിലും വലയില്‍ ഒരിക്കല്‍ വീണാല്‍ പിന്നീടൊരിക്കലും പുസ്തകം പ്രസധീകരിക്കണമെന്ന് തോന്നുകയില്ല. അത്രയ്ക്ക് കയ്പ്പേറിയ അനുഭവങ്ങള്‍ പലരും പങ്കുവച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം ചാക്കോച്ചന്റെ പുസ്തകത്തിന്റെ ബ്ലോഗ്‌ പതിപ്പിനെ വിലയിരുത്താന്‍.
ഐ-പാഡ്, ബുക്ക്‌റീഡര്‍, സ്മാര്‍ട്ട്ഫോണുകള്‍, ഇനിയും വരാനിരിക്കുന്ന അനേകം പുതിയ ഗാട്ജെറ്റുകള്‍, വായന ഓലയില്‍ നിന്ന് കടലാസിലേയ്ക്ക് എന്നതുപോലെ, കടലാസ്സില്‍ നിന്ന് സ്ക്രീനിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തെ ആര്‍ക്കും തടയാനാവില്ല. എന്റെ തലമുറയില്‍ പലരും കമ്പ്യൂട്ടറിന്റെ മുമ്പില്‍ ദീര്‍ഘനേരമിരുന്നാല്‍ കണ്ണ് വേദനിക്കും എന്ന് പറയാറുണ്ട്‌. കുട്ടികള്‍ ആരും അങ്ങിനെ പറഞ്ഞു കേട്ടിട്ടില്ല. കണ്ണ് വേദനിക്കുന്ന തലമുറ, വേദനിക്കാത്ത തലമുറയ്ക്ക് വഴിമാറികൊടുക്കുമ്പോള്‍ അലമാരകളില്‍ നിന്ന് പുസ്തകങ്ങള്‍ അപ്രതക്ഷ്യമാകാം. അന്ന് ഇതുപോലെ ആയിരിക്കാം ഗ്രന്ഥങ്ങള് നിലനില്‍ക്കുന്നത്.
ചാക്കോച്ചന്‍ ഈ ബ്ലോഗിന്റെ ലിങ്ക് ഒരു ന്യൂ ഇയര്‍ സമ്മാനമായി തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞു. വെറും അമ്പത് പേര്‍ക്ക് ഇത് ജനുവരി ഒന്നാം തിയതി അയച്ചു കൊടുത്താല്‍, ഒരു വര്ഷം കൊണ്ട് ഇത് എത്ര പേരില്‍ എത്തുമെന്ന് ആര്‍ക്കും ഊഹിക്കാനാവില്ല.
പുതുവത്സരത്തില്‍ ചാക്കോച്ചന്റെ ചിന്തകള്‍ കമ്പ്യൂട്ടറില്‍നിന്ന് കമ്പ്യൂട്ടറിലെയ്ക്ക് പറക്കട്ടെ. ഒപ്പം മറ്റു എഴുത്തുകാര്‍ക്ക് ഇതൊരു നല്ല പ്രചോദനവും മാതൃകയുമാകട്ടെ.


അലക്സ്‌ കണിയാംപറമ്പില്‍

Sunday, 15 October 2017

പെണ്ണും ജീൻസും



ചാക്കോ കളരിക്കൽ


(മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷമേ നിങ്ങൾ ലേഖനം വായിക്കാവൂ. വീഡിയോയാണ് ഇതെന്നെ എഴുതാൻ പ്രേരിപ്പിച്ചത്.)

പെണ്ണ് എന്നുപറയുമ്പോൾത്തന്നെ വസ്ത്രം ഏന്നതുംകൂടി പറയേണ്ട കാലഘട്ടമാണിത്. സാക്ഷരകേരളത്തിലെ പെണ്ണുങ്ങളുടെ വസ്ത്രധാരണത്തിൽ മതങ്ങൾക്കുള്ളപങ്ക് വളരെ വലുതാണ്. ഹിന്ദുസമുദായത്തിലെ ജാതിതിരിവിൻറെ അടിസ്ഥാനത്തിൽ കീഴ്ജാതി പെണ്ണുങ്ങൾ മാറുമറയ്ക്കുന്നത് വലിയ തെറ്റായിരുന്നു. അവർക്ക് 'ഒന്നര' മുണ്ടുടുക്കാനേ സമൂഹം അനുവദിച്ചിരുന്നൊള്ളൂ. പൊക്കിളിനു മുകളിലേയ്ക്ക് വസ്ത്രം ധരിക്കാൻ പാടില്ല. എൻറെ ചെറുപ്പകാലത്ത് ഞങ്ങളുടെ അയൽവക്കത്തെ നായർ സ്ത്രീ മാറുമറയ്ക്കാതെ വീട്ടിൽവരുന്നത് ഞാനിപ്പോഴും ഓർമ്മിക്കുന്നു. നമ്പുതിരിമാർ കേരളത്തിൽ വേരുറപ്പിച്ചശേഷമാണ് ഇസ്ലാംമതം സാമൂഹിക/സാംസ്കാരിക മേഖലകളിൽ കടന്നുവരുന്നത്. പെണ്ണിൻറെ കൈപ്പത്തിയും മുഖവുമല്ലാത്തതെല്ലാം പൊതിഞ്ഞുകെട്ടി സൂക്ഷിക്കണമെന്ന് ഇസ്ലാംമതം പഠിപ്പിച്ചു. അവിടെയാണ് പെണ്ണ് ഒരു സാധനം അഥവാ വസ്തുമാത്രമായി മാറുന്നത്. വീഡിയോയിലെ വൈദികൻറെ പ്രസംഗത്തിൽ "എന്തിനാ ആ സാധനം പള്ളിയിൽ വന്നേക്കണെ എന്നെനിക്കറിയില്ല" എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. മതങ്ങളിലെ പുരുഷമേധാവിത്വമാണ് പെണ്ണിൻറെ ശരീരം മറയ്ക്കണമോ അതോ നഗ്നമായിരിക്കണമോയെന്ന് തീരുമാനിക്കുന്നത്. പെണ്ണെന്തുവസ്ത്രം ധരിച്ചു പള്ളിയിലെത്തണമെന്ന് പള്ളീലച്ചൻ തീരുമാനിക്കുന്നത് സ്ത്രീകൾക്ക് ദോഷകരമാണ്. അത് വൈദികരെ അഹങ്കാരികളാക്കാൻ കാരണമാകുന്നു. പുരുഷനായ വൈദികൻ ഇടവക എന്ന പ്രസ്ഥാനത്തിൻറെ നായകനായി നിന്നുകൊണ്ട് പെണ്ണെന്തുടുക്കണമെന്ന് പ്രഖ്യാപിക്കുമ്പോൾ പെണ്ണുങ്ങളാണ് ഒറ്റപ്പെടുന്നത്.

പെണ്ണുങ്ങളുടെ ലിംഗഭാഗങ്ങളിലും മുലകളിലും നിതംബങ്ങളിലും ഇറുക്കിപ്പിടിച്ചിരിക്കുന്ന വസ്ത്രധാരണം പുരുഷന് കാമമിളകും എന്ന ചിന്തകൊണ്ടായിരിക്കുമല്ലോ വൈദികൻ ജീൻസിട്ട് പള്ളിയിൽ വരുന്ന സ്തീകളെ സാധനമായി കണ്ടത്. വൈദികൻ ഫലത്തിൽ സ്ത്രീകളെ കാണുന്നത് പുരുഷന്മാരുടെ കാമം തീർക്കാൻ കീഴ്പ്പെടുത്തപ്പെടുന്ന സാധനമായിട്ടാണ്. ലൈംഗികാവയവംകൂടിയായ മുലകൾ കാണിച്ച് ഒട്ടും നാണമില്ലാതെ, പാപബോധമില്ലാതെ പെണ്ണുങ്ങൾ നടന്നിരുന്ന ഒരു കാലം മലയാളക്കരയിൽ ഉണ്ടായിരുന്നു. മുലകളെ പാപവുമായി ബന്ധിപ്പിച്ചത് ഇന്ത്യയെത്തേടിവന്ന പാശ്ചാത്യ മിഷ്യനറിമാരാണ്. ദൈവം മനുഷ്യന് വരദാനമായിത്തന്നെ ലൈംഗികതയെ പാപമായിക്കാണാനെ അവർക്ക് കഴിഞ്ഞൊള്ളൂ. ഭാരതീയന് ദൈവം സ്നേഹമാകുമ്പോൾ പാശ്ചാത്യന് ദൈവം ന്യായാധിപനാണ്.

സാമുദായിക ആചാരങ്ങളുടെ മറവിലും ബലത്തിലും മാറുകളെ നഗ്നമാക്കാൻവരെ അധികാരവർഗത്തിന് കഴിഞ്ഞു. ഇന്ന് അൾത്താരയിൽ നിന്നുകൊണ്ട് പെണ്ണെന്തുടുക്കണമെന്ന് നിർദ്ദേശിക്കുമ്പോൾ പള്ളിയിലിരിക്കുന്ന ആണിനും പെണ്ണിനും വായുണ്ടായാലും ശബ്ദിക്കാൻ കഴിയാത്ത ദുരവസ്ഥ! പെണ്ണിൻറെ മേനിയിലുള്ള ശുഷ്ക്കാന്തി പണ്ടത്തെ മേല്ജാതിക്കും ഇന്നത്തെ പുരോഹിതർക്കും കയറിപ്പിടിച്ചിരിക്കയാണ്. സ്ത്രീകൾ എന്തുധരിച്ച് പള്ളിയിൽ വരണമെന്ന് വികാരിമാർതന്നെ തീരുമാനിക്കുന്നു. നസ്രാണിപെണ്ണുങ്ങളുടെ പരമ്പരാഗത വസ്ത്രമായ മുണ്ടും, ചട്ടയും, നേര്യതും ധരിച്ചേ പെണ്ണുങ്ങൾ ഇനിമുതൽ പള്ളിയിൽ വരാവൂ എന്ന തീട്ടൂരവും ഒരു വികാരി ഇറക്കിയെന്നിരിക്കും. പെണ്ണുങ്ങളതും അനുസരിക്കണം. കാരണം അതും നസ്രാണികളുടെ പൈതൃകം! പെണ്ണുങ്ങളുടെ വസ്ത്രധാരണരീതിയുടെ തീരുമാനങ്ങളും പുരുഷവർഗം എടുത്തുകൊള്ളും. ഒരുകാലത്ത് മേല്ജാതിയിലെ മേലാളന്മാർക്കുവേണ്ടി ഏതാനും സമയത്തേയ്ക്ക് ശവതുല്യമായി മലർന്നുകിടക്കേണ്ട ഗതികേട് സ്ത്രീകൾക്കുണ്ടായിരുന്ന നാടല്ലേ, കേരളം.

പെണ്ണുങ്ങൾ മാന്ന്യമായി വേഷം ധരിക്കണമെന്നു പറയുമ്പോൾ അതുചെന്നവസാനിക്കുന്നത് പർദായിലും പെണ്ണുങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്ന് പറയുമ്പോൾ അതുചെന്നവസാനിക്കുന്നത് ഉടുതുണിയില്ലാതെ നടക്കുന്നവരെന്ന ദുർവ്യാഖ്യാനത്തിലുമാണ്. ജീൻസുപോലുള്ള വസ്ത്രങ്ങൾ ഇന്നത്തെ നാടോടിവേഷമാകുമ്പോൾ അതൂധരിച്ച് പള്ളിയിൽ വരുന്ന പെണ്ണുങ്ങളെങ്ങനെ സാധനങ്ങളാകും? പള്ളീലച്ചനെന്താ ഇക്കാര്യത്തിലിത്രയും കലിപ്പ്? സ്ത്രീകൾക്ക് ഏതുതരം വസ്ത്രം ധരിക്കണമെന്ന് അവർക്കുതന്നെ തീരുമാനനെടുത്തുകൂടെ? അറബിവേഷമെന്തിനാണ് കേരളത്തിലെ വൈദികർ ഉപയോഗിക്കുന്നതെന്ന് സ്ത്രീകൾ ചോദിച്ചാൽ ആ വൈദികന് ഉത്തരം മുട്ടില്ലെ? സ്ത്രീകൾ ഇന്നതെ ധരിക്കാവു എന്ന് എന്തിന് പുരുഷമേധാവിത്വം തീരുമാനിക്കുന്നു?

ഒരു ശരാശരി മലയാളിക്ക് സ്ത്രീവിഷയത്തിൽ പല പോരായ്മകളുമുണ്ട്. പെണ്ണുങ്ങളെ കണ്ടാൽ അവരുടെ മാറിലേക്ക് തുറിച്ചുനോക്കുക, ബസിലും ട്രെയ്നിലും മറ്റും മുട്ടിമുട്ടി ഇരിക്കുക, അവിടെയും ഇവിടെയും തോണ്ടുക, ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത സ്ത്രീകളെ വീഴ്ത്താൻ പറ്റുമോയെന്ന് നോക്കുക, വൃത്തികെട്ട കമെൻറ്റുകൾ പെൺകുട്ടികളോട് പറയുക എന്നുവേണ്ട വേണ്ടിവന്നാൽ ലിംഗപ്രദർശനംവരെ നടത്തുന്ന മലയാളികൾ ഉണ്ട്. നമ്മുടെ കുട്ടികൾക്ക് വേണ്ട ലൈംഗികപരിശീലന ക്ലാസ്സുകൾ ഇല്ലാത്തതാണ് ഗതികേടിനു കാരണം. അല്ലാതെ സ്ത്രീകൾ ജീൻസുധരിക്കുന്നതുകൊണ്ടല്ല.  പാശ്ചാത്യനാടുകളിൽ സ്ത്രീകൾ എന്തുടുത്തുനടക്കുന്നുയെന്ന് പുരുഷന്മാർ ശ്രദ്ധിക്കാറേയില്ല. ലോകപ്രസിദ്ധമായ അമേരിക്കയിലെ മയാമി ബീച്ചിൽ (Miami Beach) ആയിരക്കണക്കിനു സ്ത്രീകൾ ബിക്കിനിയിട്ട്വെയിൽകൊള്ളാൻ മലർന്ന് കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുമൂലം പുരുഷന്മാരുടെ കാമം പിടികിട്ടാപ്പുള്ളിയായി മാറുന്നതായ വാർത്തകളൊന്നും കേട്ടിട്ടില്ല. ജീൻസും കുട്ടിനിക്കറുമെല്ലാമിട്ടാണ് സ്ത്രീകളും പുരുഷന്മാരും  പള്ളിയിൽപോലും വരാറുള്ളത്. ഉടുത്തൊരുങ്ങി ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത് പഴയകാല സംസ്കാരമായിമാറി, പാശ്ചാത്യനാടുകളിൽ. ഇനിയത് തിരിച്ചുവരാനും പോകുന്നില്ല. ലോകഗതിക്കൊപ്പിച്ച് വേഷവിധാനവും മാറുന്നു. അതുൾക്കൊള്ളാതെ തരമില്ല. വൈദികന് മനോരോഗ വിദഗ്ദ്ധൻറെ ചികിത്സ ആവശ്യമാണ്. പെണ്ണുങ്ങൾ ജീൻസിട്ട് പള്ളിയിൽവന്നാൽ അച്ചൻറെ ശ്രദ്ധ പതറുമെങ്കിൽ അച്ചനിലാണ് കുഴപ്പം. ഈലോകത്ത് കോടാനുകോടി സ്ത്രീകൾ ജീൻസിട്ട് നടപ്പുണ്ട്. ജീൻസ് പള്ളിയിൽ ധരിക്കാൻ വിലക്കപ്പെട്ടതാണോ? യേശുവിൻറെ അടുത്ത് ഒരു പെണ്ണ് ജീൻസിട്ടുചെന്നാൽനീപോയി സാരിയോ ചൂരിദാറോയിട്ട് എൻറെ മുമ്പിൽ വരിക' എന്ന് യേശു ആക്രോശിക്കുമോ? ആ വൈദികൻറെ മാനസിക വൈകല്ല്യം തൻറെ പ്രസംഗത്തിലൂടെ പുറത്തുവന്നുയെന്ന് ധരിച്ചാൽ മാത്രം മതി. പിന്നെ ഈ വികാരിമാർക്കൊരു അസുഖമുണ്ട്. ആ അസുഖം പ്രകടമാകുന്നത് അവരാണ് അല്മായരുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചു നിയന്ത്രിക്കുന്നതെന്ന ചിന്തയിലൂടെയാണ്. അവരെ ഭരമേല്പിച്ചിരിക്കുന്ന പണി ദൈവജന ശുശ്രൂഷയാണ്. അവരതിൽ ഒതുങ്ങിക്കൂടിയാൽ പൊരേ? പെണ്ണുങ്ങൾ എങ്ങനെ കുളിക്കണം, ഉടുക്കണം, തിന്നണം, കളിക്കണം എന്നെല്ലാം തീരുമാനിക്കാൻ ഇവരാരാണ്? കുമ്പസ്സാരക്കൂട്ടിലൂടെ പെണ്ണുങ്ങളുടെ കിടപ്പുമുറികളിലും ഇവരെത്തിനോക്കാറുണ്ട്. നോക്കിയും തോണ്ടിയും വികാരശമനം വരുത്തുന്ന അപക്വരായ ചെറുപ്പക്കാരുടെ ഗണത്തിലേക്ക് ആ വൈദികൻ താഴാമോ?

അമേരിക്കയിൽപോലും ചില സീറോമലബാർ അച്ചന്മാർ സ്ത്രീകൾ സാരിയുടുത്ത് പള്ളിയിൽ ചെല്ലണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുദംപോലും തണുപ്പുകൊണ്ട് ഫ്രീസുചെയ്യുന്ന ആ രാജ്യത്ത് സാരിയുടുത്ത് പള്ളിയിൽ വരണമെന്ന് ഉപദേശിക്കുകയും വാശിപിടിക്കുകയും ചെയ്യുന്ന വൈദികർക്ക് മനോരോഗ ചികിത്സാവിദഗ്ദ്ധൻറെ സഹായം ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പള്ളി സാരി പ്രദർശിപ്പിക്കാൻ പറ്റിയ ഇടമാണ്. വൈദ്യൻ കുറിച്ചതും രോഗി ഇശ്ചിച്ചതും ഒരേ മരുന്നാണ്. ഇന്ത്യയിലുള്ള സ്ത്രീകളുടെ സാരിയോടുള്ള വിചിത്രപ്രേമം കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് (Newsweek July 2 / July 9, 2007) പ്രവാസികളായ  ഇന്ത്യാക്കാരികളുടെ സാരിയോടുള്ള ഈ പുത്തൻ പ്രേമം! വിദ്യാഭ്യാസവും ജോലിയും സ്വന്തം കാറുമുള്ള ഇന്ത്യയിലെ ചെറുപ്പക്കാരികൾ അഞ്ചുമുതൽ ഒൻപതുമുഴംവരെ നീളമുള്ള സാരി പലപ്രാവശ്യം ശരീരത്തിൽ ചുറ്റി ഓഫീസിൽ പോകാൻ ഇഷ്ടപ്പെടുന്നില്ല. കാലാവസ്ഥയ്ക്കനുയോജ്യവും സൗകര്യപ്രദവുമായ വസ്ത്രധാരണം സ്ത്രീകൾക്കാവശ്യമാണ്. പക്ഷെ പുതുമടിശീല പ്രവാസി പെണ്ണുങ്ങൾക്ക് വിലപിടിച്ച സാരികൾ പ്രദർശിപ്പിക്കാനുള്ള സ്ഥലമാണ് പള്ളി.
നല്ല സാമുഹിക അന്തരീക്ഷത്തിൽ വളരുന്നവരെല്ലാം സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ മനസ്സിലാക്കുകയും മാനിയ്ക്കുകയും ചെയ്യും. കാരണം സ്ത്രീകൾ നമ്മുടെ അമ്മമാരാണ്, പെങ്ങന്മാരാണ്, ഭാര്യമാരാണ്, കൂട്ടുകാരികളാണ്, മക്കളാണ്. പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത ചില ഒറ്റയാന്മാർക്ക് സ്ത്രീകളെ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നതാണ് ഇതിലെ അപാകത. ആ വൈദികൻ ഒരു നല്ല ചൂരിദാർ ഡിസൈനർ കൂടിയാണെന്നുള്ളതാണ് ഈ കഥയിലെ ഏറ്റവും വലിയ ഫലിതം.

മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീയെ ചീത്തയെന്ന് മുദ്രകുത്താൻ വളരെ എളുപ്പമാണ്. ഒരുകാലത്തവളെ ചന്തപ്പെണ്ണെന്ന് സമൂഹം വിളിച്ചിരുന്നു, അവൾ കുലസ്ത്രീയായിരുന്നെങ്കിലും. വസ്ത്രമാന്യതയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന ധാരണകൾ പലപ്പോഴും പൊള്ളയാണ്. അടുത്തകാലംവരെ സ്ത്രീവസ്ത്രത്തിൽ ഉണ്ടായിരുന്ന സാമൂഹ്യധാരണയും പിന്നീടുണ്ടായ പരിവർത്തനങ്ങളും മാത്രംമതി അതു മനസ്സിലാക്കാൻ. വസ്ത്രധാരണത്തിൽ സൗകര്യം, സുഖം, ഭംഗി, സാമ്പത്തീകം ഇതൊക്കെയാണ് കണക്കിലെടുക്കേണ്ടത്. വിദേശീയർ ഇന്ത്യാക്കാരായ സ്ത്രീകൾക്ക് കെട്ടിയേല്പിച്ച സാരിവസ്ത്രസദാചാരത്തെ ഇന്ത്യൻ സംസ്കാരമായി കെട്ടിയെഴുന്നെള്ളിച്ചുനടക്കുമ്പോൾ മലയാളിസ്ത്രീകൾക്ക് വടക്കേ ഇന്ത്യൻ ചൂരിദാർ അടക്കമൊതുക്കമുള്ളവസ്ത്രമായി പുരുഷമേധാവിത്വം കാണുന്നു. അതിനുകുറെ പഴഞ്ചൻ ബൈബിൾ വാക്യങ്ങളും! ജീൻസ്, പാൻറ്സ്, പാവാട ഇതൊക്കെ ധരിച്ചാൽ സ്ത്രീകൾ ഇന്ത്യൻ സംസ്കാരത്തിന് പുറത്താകുമെന്നുള്ള തീവ്രവാദചിന്തയാണ് വൈദികനിൽ കാണുന്നത്. എല്ലാം നശിച്ചു എന്ന ചിന്ത അദ്ദേഹത്തെ അലട്ടുന്നു. അതുകൊണ്ട് സ്ത്രീകളെ സംസ്കാരം പഠിപ്പിക്കാൻ ആ വൈദികൻ കിണഞ്ഞു പരിശ്രമിക്കുന്നു. പുരുഷന്മാർക്ക് പടിഞ്ഞാറൻ കോട്ടും, സൂട്ടും, ജീൻസുമെല്ലാം ധരിക്കാം. അതിൽ അദ്ദേഹം തെറ്റു കാണുന്നുമില്ല. സ്ത്രീയുടെ നഗ്നത മറക്കുന്നതാണ് സംസ്കാരമെന്ന് പറയുന്ന കൂട്ടത്തിൽ അത് പുരുഷന് ഇഷ്ടപ്പെടുന്ന രീതിയിലെ  ആകാവൂയെന്ന് വൈദികൻ ശാഠ്യം പിടിക്കുന്നു. സ്ത്രീശരീരം സ്ത്രീയുടേതാണെന്ന് വൈദികന് ചിന്തിക്കാൻ സാധിക്കുന്നില്ല. വൈദികൻറെ ചിട്ടകളെ ലംഘിക്കുന്ന പെണ്ണ് തെറ്റുകാരിയായി ഇടവകയിൽ മുദ്രയടിക്കപ്പെടുന്നു.

 സ്ത്രീവസ്ത്രത്തിൻറെ കാര്യത്തിൽ ഇന്നുനടക്കുന്ന യുദ്ധം കണ്ടില്ലെന്നു നടിക്കാനാവില്ല. ചാന്നാട്ടികളുടെ മാറുമറയ്ക്കാൻ കലാപംവരെ നടന്നിട്ടുള്ള നമ്മുടെ നാട്ടിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പെണ്ണുങ്ങൾക്ക് ജീൻസിടാൻ സമരം ചയ്യേണ്ട ഗതികേടിലേയ്ക്കാണോ നമ്മൾ നീങ്ങുന്നത്? പണ്ടുകാലത്ത് നസ്രാണി പെണ്ണുങ്ങൾ കുപ്പായം ധരിച്ചിരുന്നെങ്കിലും ചിലപ്പോഴൊക്കെ അതഴിച്ചുമാറ്റിയിരിക്കുന്നതിൽ അവർ അപാകതയോ അപകടമോ കണ്ടിരുന്നില്ല. യൂറോപ്യൻ മിഷ്യനറിമാർ സ്ത്രീശരീരത്തിൻറെ നഗ്നത പാപമാണെന്നും സംസ്കാരമില്ലായ്മയാണെന്നും അമിത ലൈംഗികാസക്തിക്ക് കാരണമാണെന്നുമെല്ലാം കരുതിയിരുന്നു. ക്രിസ്തീയമൂല്യമായി അതിനെ അവർ കണ്ടിരുന്നു.

അണിഞ്ഞൊരുങ്ങുന്ന പെണ്ണുങ്ങൾക്ക് ശൃംഗാരം കൂടുതലാണെന്ന വിമർശനം പണ്ടുമുണ്ടായിരുന്നു. പെണ്ണുങ്ങൾ മേൽവസ്ത്രം ധരിക്കുന്നത് നാണം മറയ്ക്കാൻ ആയിരുന്നില്ല. മറിച്ച്, പരമ്പരാഗതമായ പുരുഷാധിപത്യത്തിൽനിന്ന് മോചനം പ്രാപിക്കാനായിരുന്നു. കൂടാതെ സ്ത്രീമേനിയെ സുന്ദരമാക്കാനുള്ള വെപ്രാളം കൂടിയായിരുന്നു. സ്ത്രീകൾ വസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ വശീകരിക്കാനാണെന്നുള്ളത് തെറ്റായ ധാരണയാണ്. അത് നിന്ദ്യവും ആഭാസവുമാണെന്ന് സ്ത്രീകൾക്കറിയാം. ഇക്കാലത്ത് സ്ത്രീകൾ ജീൻസിടുന്നത് ചിലപ്പോൾ ഭർത്താക്കന്മാരെ തൃപ്തിപ്പെടുത്താനായിരിക്കാം. അപ്പോൾ വൈദികൻ മനുഷ്യനായി മാറണമെങ്കിൽ വിവാഹം ചെയ്യണമെന്നാണ് എൻറെ അഭിപ്രായം. യദാർത്ഥത്തിൽ സ്ത്രീയ്ക്കും പുരുഷനും വസ്ത്രധാരണത്തിൽ വ്യത്യാസത്തിൻറെ ആവശ്യമുണ്ടോ? ജീൻസും പാൻറ്സും പെണ്ണുങ്ങൾക്കല്ലേ പുരുഷന്മാരേക്കാൾ ചേർച്ച? ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ള ബൈബിൾ പൊക്കിപ്പിടിച്ച് അന്നത്തെ വസ്ത്രധാരണരീതികളെ അടിസ്ഥാനമാക്കി ഇന്നെന്തിനു പ്രസംഗക്കുന്നു?

ഒന്നാലോചിച്ചുനോക്കുക. പാൻറ്സും ഷർട്ടുമിട്ട് പള്ളിമേടയിൽകൂടി മൂളിപ്പാട്ടുംപാടി നടക്കുന്ന വൈദികൻറെ സ്വാതന്ത്ര്യമുണ്ടോ ചൂടുകാലത്തും അതിശൈത്യകാലത്തും സാരിചുറ്റിനടക്കുന്ന സ്ത്രീകൾക്ക്! അവർക്കഭയം ജീൻസുതന്നെ. പെണ്ണുങ്ങൾ ജീൻസിട്ടാൽ അച്ചൻറെ കരളിൽ മോഹം ജനിക്കുമോ? പൊതിഞ്ഞുവെയ്ക്കേണ്ട അവയവം ജീൻസിട്ട് പൊതിഞ്ഞുവെച്ചിട്ടില്ലേ? പിന്നെന്തിന് വൈദികൻ അതിനുള്ളിലേയ്ക്ക് ഒളികണ്ണിട്ടുനോക്കുന്നു? അതല്ലാ കാര്യം. സ്ത്രീയുടെ ആത്മാഭിമാനത്തെ തകർക്കാനുള്ള ഒരു കരുവായി ജീൻസിനെ വൈദികൻ അവതരിപ്പിക്കുന്നു. ഇന്നും കേരളത്തിൽ സ്ത്രീവേഷത്തിന്മേലുള്ള യുദ്ധം തുടരുകയാണ്. പെണ്ണുങ്ങൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആനന്ദിക്കാനും അഭിമാനിക്കാനുമുള്ള മാർഗമാണ് വസ്ത്രധാരണം. അത് ജീൻസാകാം, സാരിയാകാം, പാൻറ്സാകാം, ചൂരിദാറാകാം, പാവാടയാകാം. അത് ഓരോ സ്ത്രീയുടെയും സൗകര്യംപോലെയാകാം. സ്വന്തമായ സൗന്ദര്യബോധംകൊണ്ട് ഒരു പെണ്ണ് നിത്യകന്യകയായാൽ വൈദികനെന്തിന് വിലപിക്കണം? ജീൻസിട്ട് പള്ളിയിൽവരാൻ പാടില്ലെന്നു പറയുമ്പോൾ അത് സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്.

പണ്ടുകാലത്തെ നമ്മുടെ മുത്തശ്ശിമാർക്കും ഫാഷൻഭ്രമം ഉണ്ടായിരുന്നു. വല്യമ്മൂമ്മമാരുടെ സൗന്ദര്യത്തിനുവേണ്ടി കാതുവളർത്തൻ എന്ന ഏർപ്പാടിനെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. പരിഷ്കാരികളായ ഭർത്താക്കന്മാരുടെ താത്പര്യത്തെ മാനിച്ച് പരമ്പരാഗത കുടുംബനിയമങ്ങളെ മാറ്റേണ്ടിവന്ന സാഹചര്യത്തിൽ സ്ത്രീകളാണ് ബുദ്ധിമുട്ടുകൾ സഹിച്ചത്. പള്ളിയിലെ ജീൻസുവിലക്കൽ നിർദ്ദേശം സ്ത്രീകളെ തമ്മിൽ ഭിന്നിപ്പിക്കാനുമിടയാക്കും. വൈദികൻറെ സദാചാരക്കണ്ണുകൾ പെണ്ണുങ്ങളെ സദാ പിന്തുടരുകയാണ്. പെണ്ണുങ്ങളുടെ ശരീരം കാമമുയർത്തുന്ന വസ്തുവായി കാണുന്ന വൈദികന് സ്ത്രീത്വത്തെത്തന്നെ പുശ്ചിക്കുകയാണ്. സ്വന്തം ശരീരത്തിൽ ആനന്ദം കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുകയാണ്. അതല്ലെങ്കിൽ നസ്രാണി വനിതകൾ പൊതിഞ്ഞുകെട്ടി നടക്കണം. മുസ്ലിംസ്ത്രീകളെ ബുർഖ ധരിപ്പിക്കുന്നതുപോലെ നസ്രാണിപെണ്ണുങ്ങളെ ഒരുതരം പർദ്ദ സമ്പ്രദായത്തിലേയ്ക്ക് ആട്ടിത്തളിക്കാമെന്നായിരിക്കും അദ്ദേഹം കരുതുന്നത്.

വിവാഹമെന്ന സ്ഥാപനത്തിലൂടെ സ്ത്രീകൾ ആൺകോയ്മവ്യവസ്ഥയ്ക്കുള്ളിലേയ്ക്ക് കയറുന്നതുപോലെ സ്ത്രീവസ്ത്രധാരണവിഷയത്തിൽ അവരറിയാതെ പുരുഷമേധാവിത്വത്തിന് അടിമകളായി പരിണമിക്കുന്നു. ശരീരത്തിൻറെ വഴക്കങ്ങൾ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന് പുരുഷന്മാർ ആജ്ഞാപിക്കുന്നു. ദേവാലയത്തിൽ പെണ്ണുങ്ങൾ ജീൻസിട്ടുവരുന്നത് തെറ്റാണെന്ന് ആവലാതിപ്പെടുന്ന വൈദികൻ സ്ത്രീശരീരത്തെ പുരുഷാധിപത്യത്തിൻറെ വരുതിയിലാക്കാനുള്ള തത്രപ്പെടലാണ്. ജീൻസുധരിച്ച സ്ത്രീകൾ അന്ന് പള്ളിയിലുണ്ടായിരുന്നെങ്കിൽ വൈദികൻറെ അഭിപ്രായം വ്യക്തിപരമായ അധിക്ഷേപമാകയാൽ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പള്ളിയിൽ സദാചാര പൊലീസിൻറെ റോൾ ഒരു വൈദികൻ എടുക്കണോ? പള്ളിയിൽ ജീൻസ് മ്ലേച്ഛമായ വസ്ത്രമാണെന്ന് ഒരു വൈദികൻ പറയുമ്പോൾ അത് ഒരുതരത്തിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തലാണ്. റൗക്ക ഇടുന്ന പെണ്ണുങ്ങൾ ചന്തപ്പെണ്ണും മാറുമറയ്ക്കാത്ത പെണ്ണുങ്ങൾ കുലസ്ത്രീകളുമായിരുന്ന ഒരു കാലമുണ്ടായിരുന്നകാര്യം അദ്ദേഹം മറന്നുപോയോ?

വസ്ത്രംകൊണ്ട് പെണ്ണുങ്ങൾക്കുള്ളതുമുഴുവൻ മൂടിവെച്ചില്ലെങ്കിൽ കുഴപ്പം വിളിച്ചുവരുത്തുമെന്ന ഭയം അമ്പതുവർഷം മുമ്പില്ലായിരുന്നു. മരിച്ചടക്കിയ ശവത്തെപ്പോലും അപമാനിക്കുന്ന നികൃഷ്ടജീവികൾ ഇന്നുള്ളപ്പോൾ സ്ത്രീ മൂടിപ്പൊതിഞ്ഞുനടന്നാലും അവളെ വെറുതെ വിടുമോ? അപ്പോൾ ഒരുവൻറെ പ്രകോപനകാരണം സ്ത്രീകളുടെ വസ്ത്രധാരണമല്ല. ജീൻസിട്ടു നടക്കാത്ത സ്ത്രീകൾ കേരളത്തിൽ സുരക്ഷിതരാണോ? സ്ത്രീകൾക്ക് സ്വതന്ത്രമായ ശരീരചലനങ്ങൾപോലും പുരുഷസമൂഹം വിലക്കുകൽപിക്കുന്നു.

വസ്ത്രധാരണത്തിന് സമൂഹം വസിക്കുന്ന സ്ഥലത്തെ കാലാവസ്ഥയും സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വൈദികൻ തിരിച്ചറിയുന്നില്ല. കൂടാതെ വസ്ത്രധാരണത്തിൽ ആഗോളവത്കരണ മാനദണ്ഡങ്ങളും ഉദാരവത്കരണ മാനദണ്ഡങ്ങളും ആക്കം കൂട്ടാറുണ്ട്. ആണായാലും വേണ്ടില്ല പെണ്ണായാലും വേണ്ടില്ല വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്. മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്യം ഉള്ളതുപോലെ ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു പെണ്ണ് എന്തു ധരിക്കണമെന്ന് സമൂഹമോ സമുദായമോ പാതിരിയോ പൂജാരിയോ ഇമാമോ അല്ലാ തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീയുടെയും തീരുമാനമായിരിക്കണം അത്.


ചില മതങ്ങളിലെ സന്ന്യാസിമാർക്ക് നൂലുബന്ധമില്ലാതെ ഉടുക്കാക്കുണ്ടന്മാരായി പൊതുനിരത്തിലൂടെ നടക്കാൻവരെ സ്വാതന്ത്ര്യമുള്ള നാടാണ്, ഇന്ത്യയെന്നോർക്കണം. എന്തുകൊണ്ടാണ് ആ വൈദികൻ ആ സന്ന്യാസിമാരെ കൗപീനം ഉടിപ്പിക്കാൻ പരിശ്രമിക്കാത്തത്? കാലം മുൻപോട്ടു കുതിക്കുമ്പോൾ ഒപ്പം പായാൻ സാധിച്ചില്ലെങ്കിൽ മാനുഷകുലത്തിന് നിലനിൽപ്പില്ല. ഒപ്പം സ്വന്തം സംസ്കാരവും പൈതൃകവും മറക്കാതിരിക്കുകയും വേണം.