കൊച്ചച്ചമ്മാരെ സൂക്ഷിക്കുക
ചാക്കോ കളരിക്കല്‍
ശ്രീ ജോസഫ് മാത്യു 'അല്മായ ശബ്ദ'ത്തില്‍ പോസ്റ്റ്
ചെയ്തിരുന്ന നര്‍മരസം നിറഞ്ഞ 'പ്രവാസി പുരോഹിതരും ഉമ്മ വരുത്തുന്ന വിനകളും' വായിച്ചു ചിരിച്ച് ആസ്വദിക്കാത്തവര്‍ കാണുകയില്ല. വളരെ തന്മയത്വത്തോടെയാണ്
ഉമ്മ വയ്ക്കലില്‍ അനുഷ്ടിക്കേണ്ട പത്തു പ്രമാണങ്ങള്‍ അദ്ദേഹം
അവതരിപ്പിച്ചിരിക്കുന്നത്. കോമാളിത്ത ജീവിതം നയിക്കുന്ന ചില പുരോഹിതരുടെ വികൃതികള്‍
നിത്യേന നാം കേള്‍ക്കുന്നതാണ്. മറുനാടുകളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണവുമാണ്. അത്
സ്പഷ്ടമായി അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ശ്രീ ജോസഫ് മാത്യുവിന്റെ എഴുത്തുകളിലെല്ലാം ഞാന്‍
ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം കാര്യത്തെ വളച്ചൊടിക്കാതെ, മറ്റുള്ളവരുടെ മുഖം നോക്കാതെ തെളിവായി
തുറന്നെഴുതും. വിഷയത്തെ സത്യസന്ധമായി വിശകലനം ചെയ്ത് എഴുതിയാല്‍ മാത്രമേ
എഴുത്തുകാരന്റെ ആര്‍ജ്ജവം എഴുത്തില്‍ പ്രതിഫലിക്കൂ. പഞ്ചസാരയില്‍ പൊതിഞ്ഞ
വാക്കുകള്‍ കൊണ്ട് ശ്രീ ജോസഫ് മാത്യു എഴുതാറില്ല. സത്യം തുറന്നു പറയുമ്പോള്‍ ചിലര്‍ക്ക്
വേദനയുണ്ടാകും. അത് വെറും സ്വാഭാവികം
മാത്രമാണ്.
പുരോഹിതരുടെ ബാലരതികള്‍ അമേരിക്കയില്‍ ഇന്ന് വാര്‍ത്ത
അല്ലാതായിട്ടുണ്ട്. എന്നാല്‍ ഒരു ഇന്ത്യന്‍ പുരോഹിതന്റെ ലൈംഗിക കഥ അമേരിക്കന്‍ വാര്‍ത്തകളിലും
ഇന്ത്യന്‍ മീഡിയാകളിലും പ്രധാന സ്ഥാനം പിടിച്ചു. അതിനു കാരണം പുരോഹിതന്റെ ജയിലില്‍
കിടന്നുള്ള നിസഹായാവസ്ഥയിലുള്ള രോധനമായിരുന്നു. ഈ പുരോഹിതന്‍ ഇക്കാര്യത്തില്‍
തെറ്റു ചെയ്തവനോ നിര്‍ദോഷിയോ ആയിരിക്കാം. അദ്ദേഹത്തെ വിധിക്കാന്‍ നമുക്കാര്‍ക്കും
സാധിക്കില്ല. 'ഞാന്‍ തമ്പുരാനു
തുല്ല്യന്‍' എന്ന അഹങ്കാര
ചിന്തയാണ് പുരോഹിതരെ ഇത്തരം പ്രശ്‌നങ്ങളിലും ചെന്നെത്തിക്കുന്നത്. അമേരിക്കക്കാര്‍
ഏത് തെരുവുകളില്‍വെച്ചാണെങ്കിലും സ്‌നേഹിതരെ കണ്ടാല്‍ ഹസ്തദാനം ചെയ്യുകയോ സ്ത്രീകളെങ്കില്‍
സ്‌നേഹത്തോടെയുള്ള അഭിവാദ്യചുമ്പനം കൊടുക്കുകയോ ചെയ്യുക വെറും സാധാരണമാണ്.
പുതുതായി നാട്ടില്‍നിന്നു വരുന്ന ചില പുരോഹിതര്‍ക്ക് ഏതു സ്ത്രീയേയും കയറി
ഉമ്മവയ്ക്കാം എന്നുള്ള തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു. ഇത് വളരെ അപകടം നിറഞ്ഞ
ധാരണയാണ്. ഇതുപോലുള്ളതും മറ്റ് മണ്ടത്തരങ്ങളില്‍ അകപ്പെടുന്നതുമായ സാഹചര്യങ്ങളെ
ഒഴിവാക്കാന്‍ കുടിയേറ്റക്കാരായ പുരോഹിതര്‍ക്ക് 'പ്രവാസി പഠന ക്ലാസ്സു'കള്‍ അത്യാവശ്യമാണ്. സീറോ മലബാര്‍ സഭയില്‍ വിവാഹിതരാകാന്‍ പോകുന്ന
ദമ്പദികള്‍ക്ക് നല്‍കുന്ന വിവാഹഒരുക്കല്‍ ക്ലാസ്സുകള്‍പോലെ നിര്‍ബന്ധമായിരിക്കണം
വൈദികര്‍ക്കുള്ള പ്രവാസി പഠന ക്ലാസ്സുകള്‍.
ഈ ക്ലാസ്സുകള്‍ നല്‍കുന്നത് അനേകവര്‍ഷങ്ങള്‍ അമേരിക്കയില്‍ കുടുംബജീവിതം
നയിച്ച സ്ത്രീപുരുഷന്മാരായിരിക്കുന്നത് നല്ലതാണ്. കാരണം അവരുടെ അനുഭവങ്ങളില്‍
കൂടിയുള്ള അനേക എപ്പിസോഡുകള്‍ അവര്‍ക്ക്
പറഞ്ഞു കൊടുക്കുവാന്‍ കാണും.
'ഞാനല്ലാതെ മറ്റൊരു
തമ്പുരാന്‍ ഉണ്ടാകരുത്' എന്ന പുരോഹിത ചിന്തയ്ക്ക് മാറ്റം വരണം. 'ഞാന്‍ മാത്രം ശരി' എന്ന തോന്നല്‍ വൈദികര്‍ക്ക് മൊത്തത്തിലുണ്ട്. മര്‍ക്കട മുഷ്ടികളായ ഈ
പുരോഹിതരുടെ അഹങ്കാരത്തെ കുറയ്ക്കാന്‍ ഒരുവിധത്തില്‍ അവരെ കടഞ്ഞെടുക്കണം.
ശീതരാജ്യങ്ങളിലായാലും ഉഷ്ണരാജ്യങ്ങളിലായാലും മലയിടുക്കുകളിലായാലും കടല്‍തീരങ്ങളിലായാലും
പുരോഹിതനെങ്കില്‍ ഒറ്റ അച്ചില്‍ വാര്‍ത്തെടുത്ത ഒരേ സ്വഭാവമുള്ളവരെന്ന്
തോന്നിപ്പോകുന്നു. അറിവും വിവേകവുമുള്ള പുരോഹിതര്‍വരെ മറുനാടന്‍ ജീവിതത്തില്‍
വിവരം കെട്ടവരാണ്. പുരോഹിത പ്രവാസി പഠന ക്ലാസ്സിലെ ഒന്നാം ആദ്ധ്യായമായിരിക്കണം 'ഞാന്‍ മാത്രം ശരി'.
കേരളത്തില്‍ 'ബഹുമാന്യ'രായി ജീവിച്ചിരുന്ന
ഇവര്‍ക്ക് അമേരിക്കപോലുള്ള പരിഷ്‌കൃത രാജ്യത്ത് വസിക്കേണ്ടിവരുമ്പോള്‍ അവരുടെ
ബഹുമാന്യതയ്ക്ക് കോട്ടം സംഭവിക്കുന്നു. ബഹുമാന്യത ഒന്നും കിട്ടുന്നില്ലല്ലോ
എന്നോര്‍ത്തും ചിലര്‍ ആശങ്കപ്പെടാറുണ്ട്. അമേരിക്കയിലേയ്ക്ക് നാലു ഡോളര്‍
സമ്പാദിക്കാന്‍ കുടിയേറുന്ന ഇവര്‍ക്ക് അടിമകളായ അല്‌മേനികളെ കണ്ടുമുട്ടാനുള്ള
സാദ്ധ്യതയുമില്ല. ഈ പുതിയ രാജ്യത്ത് അല്‌മേനികളെ കയറി 'എടാ, പോടാ' എന്നൊന്നും വിളിക്കാനും സാധിക്കയില്ല. എന്റെ
ഒരനുഭവം പറയട്ടെ. അമേരിക്കയില്‍ വന്നിട്ട് വെറും രണ്ടാഴ്ച മാത്രമായ ഒരച്ചന്‍
എന്നോട് പറയുകയാണ്: ''എന്നെ കാണുന്നതുപോലെ ഒന്നുമല്ല, കെട്ടോ. ഞാന്‍ നാട്ടില്‍ ഒരാശുപത്രിയുടെ ഡയറക്ടറാണ്. എന്നെ അവിടെ എല്ലാവര്‍ക്കും
പേടിയാണ്.'' കഷ്ടം! ഇതിനു ഞാന്‍
കൂടുതല്‍ വിശദീകരണം ഒന്നും എഴുതുന്നില്ല. അയാള്‍ തന്നെ പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍
പറയുകയാണ്: ''ഇവിടെ അമേരിക്കയില്‍
എല്ലാവരും ട്രാഫിക് റൂള്‍ കൃത്യമായി പാലിക്കും. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍
ആരും പാലിക്കുന്നില്ല.'' അമേരിക്കയില്‍ വന്ന് പാര്‍ക്കാന്‍ തുടങ്ങിയിട്ട് അന്ന് മുപ്പത്തി അഞ്ച് വര്‍ഷം
കഴിഞ്ഞ എന്നോടാണ് അയാള്‍ ഇതു പറയുന്നത്. ഈ അച്ചന്‍ അമേരിക്കയിലെത്തി രണ്ടാഴ്ചക്കകം
ആയിരക്കണക്കിനു വിശ്വാസികളെ കുമ്പസാരിപ്പിച്ചോ ദൈവത്തിന്റെ നിയമം ഇവിടത്തുകാര്‍
പാലിക്കുന്നില്ലെന്ന് അനുമാനിക്കാന്‍? ഇവരുടെ തലക്കനം അപാരം തന്നെ.
അമേരിക്കയില്‍ പുതിയതായിവരുന്ന പുരോഹിതര്‍ക്ക്
ഇംഗ്ലീഷ് ഭാഷയും ഒരു പ്രശ്‌നമാണ്. തങ്ങള്‍ ബ്രിട്ടീഷ് ഇംഗ്ലീഷ്
സംസാരിക്കുന്നുവെന്നും അമേരിക്കക്കാര്‍ക്ക് ഇംഗ്ലീഷ് പറയാന്‍ അറിയത്തില്ലെന്നും
പുത്തനച്ചന്മാര്‍ തട്ടിവിടുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. അമ്മയുടെ മുലപ്പാല്‍
മുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഈ നാട്ടുകാര്‍ക്ക് ഭാഷ അറിയാന്‍ പാടില്ലെന്ന്
വാദിക്കുന്നത് എത്ര ബാലിശമാണെന്ന് ചിന്തിക്കുവാനുള്ള കഴിവും ഈ പുരോഹിതര്‍ക്കില്ല.
സംസാരഭാഷ പുസ്തകഭാഷ പോലെയല്ല. പുസ്തകഭാഷയിലില്ലാത്ത അനേകം വാക്കുകളും പ്രയോഗങ്ങളും
അമേരിക്കകാരുടെ സംസാരഭാഷയിലുണ്ട്. അതെല്ലാം സ്പാനിഷില്‍ നിന്നും ഇതര യൂറോപ്യന്‍
ഭാഷകളില്‍നിന്നും കയറികൂടിയതാണ്. പുതുതായി വരുന്ന വൈദികര്‍ അമേരിക്കന്‍ ഭാഷാ
ശൈലിയും ഉച്ചാരണവും കൂടാതെ ഈ നാടിന്റെ സംസ്‌ക്കാരവും പഠിക്കണം. ആരെങ്കിലും പുരോഹിത
മംഗ്ലീഷ് തിരുത്തിയാല്‍ വ്യക്തിപരമായി അപമാനിക്കലാണെന്ന് അച്ചന്മാര്‍ കരുതരുത്.
പുരോഹിതരുടെ മാനസീക അപകര്‍ഷതാ ബോധത്തെപ്പറ്റിയും പ്രവാസി പഠന കളരിയില്‍ നിന്നും
അവര്‍ പഠിക്കേണ്ടതായിട്ടുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ അമേരിക്കന്‍
ഇടവകകളില്‍ അച്ചന്മാര്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ സ്ത്രീകളെ ശമ്പളത്തിന്
നിര്‍ത്തുമായിരുന്നു. ഇടവകകള്‍ക്ക് അത് വലിയ ഒരു സാമ്പത്തിക ഭാരമായിരുന്നു.
അതിനാല്‍ ആ ഏര്‍പ്പാട് മിക്ക ഇടവകകളിലും നിര്‍ത്തലാക്കി. അച്ചന്മാര്‍ സ്വന്തമായി
ഭക്ഷണം പാകം ചെയ്ത് കഴിക്കുകയോ ഹോട്ടലില്‍ കഴിച്ചാല്‍ അതിന്റെ ചെലവ്
പള്ളിക്കണക്കില്‍ ചേര്‍ക്കുകയോ ആണ് ഇപ്പോഴത്തെ പതിവ്. നാട്ടില്‍നിന്നും
കുടിയേറുന്ന പുരോഹിതര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ല. നമ്മുടെ
സ്ത്രീകള്‍ അച്ചന്റെ ഫ്രിഡ്ജ് ഭക്ഷണം കൊണ്ടു നിറയ്ക്കാന്‍ മിടുക്കരാണ്. ചില
ഇടവകകളില്‍ സ്ത്രീകള്‍ തമ്മില്‍ ഈ വിഷയത്തില്‍ മത്സരവുമാണ്. ചില ഗോപസ്ത്രീകള്‍
അച്ചന് ഏറ്റവും ഇഷ്ടമുള്ള കറിയെന്തെന്ന് കണ്ടുപിടിച്ച് അതും ഉണ്ടാക്കി അച്ചന്റെ
ഫ്രിഡ്ജില്‍ വയ്ക്കും. ഇങ്ങനെ മത്സരം മൂത്തു മൂത്ത് അത് വാക്കുതര്‍ക്കത്തിലും
പിന്നീടത് തല്ലുപിടിയിലും കലാശിക്കാറുണ്ട്. ഇതൊക്കെ ഒഴിവാക്കാന്‍ അച്ചന്മാര്‍ക്കുള്ള
പ്രവാസി പഠന ക്ലാസുകളില്‍ അവരെ പാചക കലയും
(Cooking) പഠിപ്പിക്കണം. പാചക
കലയില്‍ മിസ്സിസ് കെ.എം.മാത്യുവിനെ പോലും തോല്‍പിക്കുന്ന സമര്‍ത്ഥകളായ സ്ത്രീകള്‍
നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ ആ കാര്യം പഠന ക്ലാസ്സുകളില്‍ കൈകാര്യം ചെയ്തു
കൊള്ളും. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍
പുരോഹിതര്‍ പഠിക്കണം. അച്ചന്മാര്‍ ഡ്രൈവിംഗ് പഠിച്ച്
സ്വതന്ത്രരാകുന്നതുപോലെ പാചകകലയും പഠിച്ച് സ്വതന്ത്രരാകണം.
പുതുതായി കുടിയേറുന്ന പുരോഹിതര്‍ അവരുടെ
അമേരിക്കയിലുള്ള ഭാവി പ്രവര്‍ത്തന രംഗങ്ങളിലും അനേകം കാര്യങ്ങള്‍ പാകപ്പെടുത്തി
എടുക്കേണ്ടതായിട്ടുണ്ട്. വൈദികര്‍ക്ക് ഏകാന്തത അനുഭവപ്പെട്ട് ചിലപ്പോള്‍
മാനസികരോഗം ഉണ്ടാകാം. ലൈംഗികാസക്തി വര്‍ദ്ധിച്ച് ആ വൈകല്ല്യത്തില്‍ ഉള്‍പ്പെട്ടുപോകാന്‍
സാദ്ധ്യതകള്‍ ധാരാളമുണ്ട്. കുറേവര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ വീട്ടില്‍ അതിഥിയായി
വന്ന ഒരു വൈദികന് സ്ട്രിപ് ക്ലബ്ബില്‍ പോകണം. പോയേതീരൂ. പോയി. ഭാഗ്യമെന്നു
പറയട്ടെ. അന്ന് ആ ക്ലബ്ബിന് അവധിയായിരുന്നു. കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ട
തോന്നലോടെ ആ അച്ചന് തിരിച്ചു പോരേണ്ടി വന്നു. സ്ത്രീകള്‍ക്ക് സ്‌നേഹാലിംഗനങ്ങള്‍
നല്‍കുമ്പോള്‍ ലൈംഗികതയുടെ ചുവ ഉണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ അത് പെട്ടെന്ന്
മനസ്സിലാക്കും. കാടനായ നിങ്ങളുടെ ആലിംഗനവും ചുമ്പനവും സ്ത്രീകള്‍ക്ക് അതൃപ്തി ഉണ്ടാക്കുകയേയുള്ളൂ.
18 വയസ്സില്‍ താഴ്ന്ന
കുട്ടികളെ ദുരുപയോഗം ചെയ്താല്‍ അമേരിക്കയില്‍ കടുത്ത ശിക്ഷ ഉണ്ടെന്ന് ഈ
പുത്തനച്ചന്മാര്‍ അറിഞ്ഞിരിക്കണം. കാട്ടാനയെ പിടിച്ചാല്‍ നാട്ടാനയും പാപ്പാനും
കൂടിയാണ് അതിനെ മെരുക്കുന്നത്. 'പിടിയാനെ, ഇരിയാനെ, കിടക്കാനെ' എന്നൊക്കെ പറയുമ്പോള്‍ കാട്ടാനകള്‍ അനുസരിക്കാറില്ല. അനുസരണ പഠിപ്പിച്ചുകൊണ്ടു
നടന്ന നിങ്ങളെ അനുസരണ പഠിപ്പിക്കാന്‍ കഴിവുള്ള അനുഭവജ്ഞാനമുള്ള പ്രവാസികുടുംബങ്ങള്‍
ഈ അമേരിക്കയിലുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അവരുടെ അടുത്ത് നിങ്ങളുടെ
വേലത്തരങ്ങളും പിള്ളേരെ ചുറ്റിക്കളിയും നടക്കുകയില്ല.
ബ്‌ളു ഏര്‍ത്തിലെ ഒരു പള്ളിയിലെ സഹവൈദികനായിരുന്നു
ആന്ധ്രസ്വദേശി ഫാദര്‍ ലിയോ കോപ്പേലാ (47). അദ്ദേഹത്തെ രക്ഷിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണിന്ന്. കോടതിയില്‍
കെട്ടിവയ്ക്കാന്‍ പണമോ സ്വന്തം വക്കീലോ അദ്ദേഹത്തിനില്ല. അദ്ദേഹം സേവനം
ചെയ്തിരുന്ന രൂപത അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു. ബന്ധുക്കളും സഹായത്തിനില്ലെന്നു
പറഞ്ഞാല്‍ മതിയല്ലോ. കുറ്റവാളികളായ വൈദികരെ രക്ഷപ്പെടുത്താന്‍ സഭ എക്കാലത്തും ശുഷ്‌ക്കാന്തി
പ്രകടിപ്പിച്ചിരുന്നു. മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ബനഡിക്റ്റിനെ
തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഭ മുടക്കിയ പൈസയ്ക്ക് കണക്കില്ല. അമേരിക്കയില്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫാദര്‍ ജെ. പി. ജെയപോള്‍
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദംമൂലം താല്‍ക്കാലികമായി തിഹാര്‍ജയിലിലും
കിടക്കുന്നു. ഇത് ശിലായുഗത്തിലോ ഒന്നാം നൂറ്റാണ്ടിലോ നടന്ന സംഭവങ്ങളല്ല. നാം
ജീവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ദുഃഖസത്യങ്ങളാണ്.
വിധവയായ ഒരു സ്ത്രീയുടെ അത്താഴം കഴിക്കാനുള്ള ക്ഷണമനുസരിച്ചാണ് സംഭവദിവസം രാത്രി ഫാദര്‍
കോപ്പേലാ ആ സ്ത്രീയുടെ വീട്ടില്‍ എത്തിയത്. 11 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മാറത്ത് കൈവച്ചുകൊണ്ട്
ചുമ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഭയത്താല്‍ അവശയായതിനാലാണ് ഫാദറെ
അറസ്റ്റുചെയ്തതെന്നാണ് പോലീസിന്റെ അറിയിപ്പ്. പത്തും നാല്‍പതും വര്‍ഷമായിട്ട്
അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ പോലും ഒഴിച്ചു കൂടാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍
മാത്രമേ സ്‌നേഹിതകളായ സ്ത്രീകളെ ചുമ്പിക്കാറുള്ളൂ. പരസ്യ ചുമ്പനങ്ങള്‍ നമ്മുടെ
സംസ്‌ക്കാരത്തില്‍ പെട്ടതല്ലാത്തതാണ് അതിനു കാരണം. സംഭവിച്ചത് സത്യമെങ്കില്‍ 11 വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കൊച്ചിന്റെ മാറില്‍
പിടിച്ചുകൊണ്ട് ഉമ്മവയ്ക്കാതിരിക്കാനുള്ള ആത്മനിയന്ത്രണം അദ്ദേഹത്തിന്
ഉണ്ടാകേണ്ടതായിരുന്നു. കൊച്ചിനോട് കൊള്ളരുതാത്ത ലൈംഗികഭാഷയില്‍ സംസാരിച്ചെന്നും
വാര്‍ത്തകള്‍ ഉണ്ട്. കുഞ്ഞാടിന്റെ വേഷം കെട്ടി ചെന്നായ്ക്കളുടെ പ്രവര്‍ത്തി ചില
പുരോഹിതര്‍ ചെയ്യുന്നു. പരിജ്ഞാനമുള്ള പ്രവാസികളില്‍ നിന്നും ശരിയായ മാര്‍ഗനിര്‍ദ്ദേശം
പ്രവാസി പുരോഹിതര്‍ക്ക് ലഭിക്കണം. എങ്കില്‍ ഇത്തരം അബദ്ധങ്ങളില്‍നിന്ന് അവര്‍ക്ക്
ഒഴിഞ്ഞു മാറാനുള്ള കെല്‍പ് കുറെയെങ്കിലും ഉണ്ടാകുമായിരുന്നു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗുതുതരമായ
കുറ്റമാണ്. അവര്‍ക്ക് ജയില്‍ ശിക്ഷ തന്നെ വേണം. അത്തരം പുരോഹിതരെ സഭാധികാരികള്‍
സംരക്ഷിക്കുന്നത് തികഞ്ഞ തെറ്റാണ്. കര്‍ദിനാള്‍ ബെര്‍ണാര്‍ഡ് ലോ, കര്‍ദിനാള്‍ റോജര്‍ മഹോണി തുടങ്ങിയ തലമൂത്ത
സഭാനേതാക്കന്മാര്‍ കത്തോലിക്ക സഭയ്ക്ക് നാണക്കേടുണ്ടാക്കി വച്ചവരാണ്. സത്യത്തില്‍
അവര്‍ ഇന്ന് ജയിലഴികള്‍ക്കുള്ളില്‍ കിടക്കേണ്ടവരാണ്. കാരണം നിഷ്‌കളങ്കരായ
കുട്ടികളുടെ കണ്ണുനീരില്‍ കുതിര്‍ന്നതാണ് ആ നികൃഷ്ടരുടെ കുപ്പായം.
മലയാളി കൊച്ചച്ചന്മാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്.
ഈ ലേഖനം ഒന്നു വായിക്കുക. ഇത് അനുഭങ്ങളുടെയും സമകാലത്തിന്റേയും പാഠങ്ങളാണ്.
നിങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടതായ കരുണ, വിശുദ്ധി, എളിമ
തുടങ്ങിയവയെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു.
ജയിലില്‍ കിടന്ന് കണ്ണുനീര്‍ വാര്‍ത്തിട്ടു കാര്യമില്ല. ഇനി അമേരിക്കന്‍
കുടിയേറ്റക്കാരോടൊരപേക്ഷ. അച്ചന്മാരോട് അധിക ചങ്ങാത്തം പാടില്ല. ആവശ്യമില്ലാതെ
അവരെ വീട്ടില്‍ അടുപ്പിക്കരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളുടെ മനസ്സും
മാനവും തകര്‍ക്കും. നിങ്ങള്‍ പുരോഹിത അടിമത്തത്തിന്റെ നുകത്തിനടിയില്‍ അമരും.
“You must be the change you wish to see in
the world” - Mahatma Gandhi