Monday, 25 September 2017

ഉണരുക - ഉറക്കം തൂങ്ങുന്ന അല്മേനി

ഉണരുക - ഉറക്കം തൂങ്ങുന്ന അല്മേനി
ചാക്കോ കളരിക്കൽ

മത്തായിയുടെ സുവിശേഷം 16 -4 - നാം ഇപ്രകാരം വായിക്കുന്നു: "ആകാശത്തിൻറെ ഭാവപ്പകർച്ചകൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുന്നു. എന്നാൽ കാലത്തിൻറെ അടയാളങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല." യേശുവിൻറെ താക്കീതിൻറെ അടിസ്ഥാനത്തിലാണ് കോത്തോലിക്കാ സഭയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത്. ആദ്യ നൂറ്റാണ്ടുകളിലെ യേശുശിഷ്യരുടെ സദ്വാർത്താധിഷ്ടിതമായ ലളിതവും നിസ്വാർത്ഥവും സത്യസന്ധവും ഉപവിയും കരുണയും നിറഞ്ഞ സഭാമൂപ്പന്മാരുടെ ശുശ്രൂഷാ ജീവിതത്തെ കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലം മുതൽ രാജാക്കന്മാർക്ക് സേവനങ്ങൾ ചെയ്യുന്ന - ഉപദേശകർ, നയതന്ത്രജ്ഞർ, ന്യായാധിപതികൾ, രാജപ്രതിനിധികൾ തുടങ്ങിയവർ - ലൗകിക ഉദ്യോഗസ്ഥ ജീവിതമാക്കി. അതോടെ ആത്മീയതയുടെ മറവിൽ ലൗകീകാധികാരങ്ങൾ കൈകാര്യം ചെയ്യുന്ന 'വിശുദ്ധ' പാരമ്പര്യത്തിന് തുടക്കമായി. മെത്രാന്മാർക്കും പുരോഹിതർക്കും സമൂഹത്തിൽ പ്രത്യേക സ്ഥാനമാനങ്ങളും സ്ഥാനവലിപ്പവും അവകാശങ്ങളും ശമ്പളവും ലഭിച്ചുതുടങ്ങി. ക്രിസ്തീയകൂട്ടായ്മ എന്ന ആശയം മാറി വിശ്വാസികളുടെ ഭരണാധികാരികളായിട്ടുള്ള സിവിൽ അധികാരവും അവർക്കു ലഭിച്ചു. അങ്ങനെ യേശു നല്കിയ സദ്വാർത്തയും യേശുവിലുള്ള വിശ്വാസവും സംരക്ഷിക്കാനുള്ള ആത്മത്യാഗം കൈമോശംവന്ന് പാടേ വ്യത്യസ്തമായ ഒരു ക്രിസ്തീയ സംഘടിത സഭയായി പരിണമിച്ചതാണ് ഇന്നുനാം കാണുന്ന റോമൻ കത്തോലിക്കാസഭയെന്ന് മനസ്സിലാക്കിയ കൗൺസിൽ പിതാക്കന്മാർ ഇപ്പോഴത്തെ കാലത്തിനുപകരിക്കുന്ന രീതിയിൽ സഭയെ നവീകരിക്കാൻ നിർദ്ദേശിച്ചത്.

ഇസ്ലാമിക ഇറാൻ ഒഴിച്ചാൽ മതാധിഷ്ഠിതഭരണമുള്ള ഏകരാജ്യം റോമാനഗരത്തിൽ സ്ഥിതിചെയ്യുന്ന വത്തിക്കാനാണ്. അതിൻറെ തലവനായ പോപ്പ് ആത്മീയഭരണവും രാജഭരണവും ഒരേസമയം നിർവഹിക്കുന്നു. കൊച്ചുരാജ്യത്തിൻറെ പ്രവർത്തനമണ്ഡലം പോപ്പിൻറെ പ്രതിനിധികളായ  സ്ഥാനപതികൾ [ecclesiastical diplomat (Nuncio)] വഴിയും മെത്രാന്മാർ വഴിയും ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു. മെത്രാന്മാർ കാനോൻ നിയമത്തിൻറെ അടിസ്ഥാനത്തിലും ബലത്തിലും നിയമനിർമാണ (legislative) കാര്യനിർവാഹക (executive) നീതിന്യായ (judicial) അധികാരങ്ങളോടെ അവരെ ഭരമേല്പിച്ചിരിക്കുന്ന രൂപതയെ ഭരിക്കുന്നു.

കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലത്തോടെ, ദിവ്യബലിയിൽ കേന്ദ്രീകൃതമായ ദൈവാരാധനയാണ് സഭാജീവിതത്തിൻറെ കാതൽ എന്ന് പൗരോഹിത്യം സ്ഥാപിച്ചെടുത്തു. അതോടെ സഭയിൽ ക്രിസ്തുദർശനവും ക്രിസ്തുമാർഗവും തമസ്ക്കരിക്കപ്പെടാനാരംഭിച്ചു. ആചാരാനുഷ്ഠാനങ്ങളിലും കന്യകാമാതാവിനോടും വിശുദ്ധരോടുമുള്ള വണക്കത്തിലും ഊന്നിയുള്ള ഒരു സംഘടിത മതമായി സഭ അധഃപതിക്കാൻ തുടങ്ങി. വിശ്വാസികളെ അമിതമായ ഭോഗാസക്തികളിൽനിന്നും ഭൗതികമായ ചിന്തകളിൽനിന്നും പിന്തിരിപ്പിച്ച് നിത്യതേജസ്സിൻറെ പ്രതിഫലനമായ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള സഭാധികാരികൾ ആത്മീയതയിൽനിന്ന് ബഹുദൂരമകന്ന് വികാരപരമായ ചോദനകളിലകപ്പെട്ട് ജീവിച്ചു. അങ്ങനെ റോമാസാമ്രാജ്യത്തിലെ ക്ലേർജികൾ മൂല്യശോഷംവന്ന ഒരു വർഗമായിമാറി.

എന്നാൽ നസ്രാണി സഭ യൂറോപ്യൻ സഭയുടെ മത-രാഷ്ട്രീയ ഇടപെടലുകളിലെ ചെളിക്കുണ്ടിൽ വീഴാതെ മാർതോമാ പഠിപ്പിച്ച ആദിമസഭാസമ്പ്രദായത്തിലും നസ്രാണി കത്തനാരന്മാർ യേശുശിഷ്യരുടെ മാതൃകയിലും ജീവിച്ചിരുന്നു. അവർ വിവാഹിതരും വേഷത്തിലും പെരുമാറ്റത്തിലും എണങ്ങരെപ്പോലെ (അല്മായരെപ്പോലെ) യുമായിരുന്നു. ജ്ഞാനസ്നാനം എന്നകൂദാശയാൽ എല്ലാവരും ഒന്നുപോലെ ബന്ധിതരായിരുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യരുടെ ആഗമനത്തോടെ നമ്മുടെ കത്തനാരന്മാരെയും റോമാസഭയിലെ ക്ലേർജികളെപ്പോലെ വേറൊരു വർഗമാക്കി മാറ്റി. കൂടാതെ, സഭാപൗരരെ ഭരിക്കാനുള്ള അധികാരവും അവകാശവും  ദൈവത്തിൽനിന്ന് നേരിട്ട് വൈദികർക്ക് ലഭിച്ചു എന്ന വികല ദൈവശാസ്ത്രത്തിൻറെ വിത്ത് ഉദയമ്പേരൂർ സൂനഹദോസിൽ (1599) നടുകയും ചെയ്തു. കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ഇന്നത് വളർന്ന് പന്തലിച്ച് മുടിചൂടി നിൽക്കുന്നു. ഇന്നത്തെ സഭാധികാരികളുടെ പെരുമാറ്റം കണ്ടാൽ അവർ സഭാപൗരരെക്കാൾ ഉന്നതരും സ്വർഗം വീതിച്ചുകൊടുക്കാൻ അധികാരമുള്ളവരുമാണെന്ന് തോന്നിപ്പോകും. വൈദികൻ പള്ളിയിൽ ഏതു വിഡ്ഢിത്തരം പ്രസംഗിച്ചാലും ഒരല്മേനിക്ക് അത് തിരുത്താൻ അവകാശമില്ല. അവർ പറയുന്നതും പെരുമാറുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും വിശ്വാസി അന്ധമായി അത് അനുസരിച്ചുകൊള്ളണം. കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലം മുതൽ സഭയിൽ ആരംഭിച്ച രോഗം ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു.

യേശുശിഷ്യനായ പത്രോസ് വ്യക്തമാക്കുന്നതിപ്രകാരമാണ്: " …….. തങ്ങളെ വിളിച്ചവൻറെ അത്ഭുതപ്രവർത്തികൾ പ്രഖ്യാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ട  വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാകുന്നു." (1 പത്രോ. 2: 9) അപ്പോൾ സഭാജീവിതത്തിലും സഭയുടെ നയരൂപീകരണത്തിലും അല്മായർക്ക് അർത്ഥവത്തായ രീതിയിൽ പങ്കെടുക്കാൻ അവകാശവും കടമയുമുണ്ട്. എന്നാൽ ഇന്നത്തെ സഭാന്തരീക്ഷം അതിന് വിലങ്ങുതടിയായി നില്ക്കുകയാണ്. അല്മായ പ്രേഷിതത്വത്തിൻറെ അനിവാര്യതയെ തിരിച്ചറിയാതെ സഭാധികാരത്തിന് എത്രകാലം മുൻപോട്ടുപോകാൻ കഴിയും? സാഹചര്യത്തിൽ ഓരോ വിശ്വാസിയും സഭാനവീകരണത്തിനായി മുറവിളി കൂട്ടുകയാണ് വേണ്ടത്. അനങ്ങാപ്പാറ നയക്കാരായ മേലധികാരികളുടെ മാർക്കടമുഷ്ടി ആപൽക്കരമാണെന്നും അവർ അത് തിരിച്ചറിഞ്ഞ് വേണ്ട പ്രതിവിധി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ സഭാപൗരർക്ക് കടമയുണ്ട്. കാരണം സഭാമേലധികാരികൾ ചവുട്ടിനിൽക്കുന്ന മണ്ണ് ഇളകിത്തുടെങ്ങിയെന്നും 'മണ്ണിടിച്ചിൽ' നാം വിചാരിക്കുന്നതിലേറെ ഗുരുദരമാണെന്ന് ദൈനന്തിന സംഭവങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. ഒരിടത്ത് അനേകകോടികളുടെ ആലയം കെട്ടിപ്പടുക്കുമ്പോൾ മറ്റു പലയിടത്തും ആലയങ്ങൾ പൂട്ടിത്തുടങ്ങിയിരിക്കുന്നു. എന്താണിതിനർത്ഥം? കഴിഞ്ഞ പത്തുവർഷംകൊണ്ട് 1210 മെഗാപ്പള്ളികൾ അമേരിക്കയിൽ പണിതു. പള്ളികളിൽ 10,000 മുതൽ 50,000 വരെ വിശ്വാസികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പള്ളികളിൽ പോകുന്നവരിലധികവും കത്തോലിക്ക സഭയോട് വിടപറഞ്ഞവരാണ്. സഭാധികാരികളുടെ ആഢംബരജീവിതം, ദൂർത്ത് , അധികാരദുർവിനയോഗം, വൈദികരുടെ ഇടയിലെ ലൈംഗിക അരാജകത്വം, അതുമൂലം സഭയ്ക്കുണ്ടായ സാമ്പത്തീക നഷ്ടമെല്ലാം സഭയിൽനിന്നും വിശ്വാസികളെ അകറ്റി. ജനകോടികളുടെ കഷ്ടപ്പാടുകളും കണ്ണുനീരും ദാരിദ്ര്യവും യാതനകളും വേദനകളും കാണാൻ കടപ്പെട്ടവളാണ്, സഭ. ആഢംബരത്തിലും സുഖലോലുപതയിലും കഴിയുന്നവർക്ക് സാധാരണ വിശ്വാസിയുടെ പ്രശ്നങ്ങൾ എങ്ങനെ അറിയാൻ കഴിയും? അലറിയുള്ള നാശത്തിൻറെ സംഗീതം കൂട്ടത്തോടെ പാടുന്നതിലും നല്ലത് യേശുവചനങ്ങൾ  ചെവിയിൽ മന്ത്രിക്കുന്നതാണ്. അവനവൻറെ കുടിലിൽ ദൈവത്തെ കാണുന്നതാണ് പള്ളികൾതോറും അലഞ്ഞുനടക്കുന്നതിലും മെച്ചം. പാവപ്പെട്ടവൻറെ ബുദ്ധിമുട്ടുകളറിഞ്ഞു അവനെ സഹായിക്കുന്നതാണ് സ്തോത്രകാഴ്ചകളിൽകൂടി കാണാത്ത സ്വർഗത്തെ വാങ്ങിക്കുന്നതിലും യുക്തിസഹജം. അത്ഭുതരോഗശാന്തിയല്ലാ നമുക്കുവേണ്ടത്; മറിച്ച്, ജനസാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനു സർവ്വയജ്ഞരായ ആക്ഷൻ ഹീറോകളെയാണ് ഇന്നിൻറെ ആവശ്യം.

പോപ്പ് ഫ്രാൻസിസിൻറെ അഭിപ്രായത്തിൽ മെത്രാന്മാരുടെ ഇടയിലും പുരോഹിതരുടെ ഇടയിലും കാര്യമായ ഗുണനിലവാരക്കുറവ് സംഭവിച്ചിട്ടുണ്ട്. ലോകരീതിനിലവാരമുള്ള പരിഷ്ക്കാരികളും ആത്മാരാധകരും അവനവൻറെ സ്ഥിതിയിൽ മതിമറക്കുന്നവരും കൗശലക്കാരും തൻകാര്യത്തെ ന്യായീകരിക്കുന്നവരും വിലകെട്ട കുരിശുയുദ്ധങ്ങൾ നാടത്തുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു. വെറുതെയല്ല ഫ്രാൻസിസ് പാപ്പ  ‘എയർപോർട്ട് ബിഷപ്സ്’, ‘ബേബി ബിഷപ്സ്’  തുടങ്ങിയ അധിക്ഷേപപദവികൽ സഹമെത്രാന്മാർക്ക് ചാർത്താനിടയായത്. അഴിമതികേന്ദ്രത്തിലും ചെന്നായ്ക്കളുടെ ഇടയിലും കഴിയുന്ന പാവപ്പെട്ടവരെയും ധനികരെയും ഒന്നുപോലെ കാണുന്ന മാർപാപ്പ ഇത്രയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. നമ്മുടെ കാലഘട്ടത്തിലെ സഭയുടെ രോഗമാണിത്. ദൈവജനശുശ്റൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഇടയന്മാർ രാജകുമാരന്മാരെപ്പോലെ അഥവാ വമ്പിച്ച കമ്പനിയുടെ ധനികനായ സിഇഒമാരെപ്പോലെ പെരുമാറുന്നത് യഥാർത്ഥ യേശുശിഷ്യരെ ഞെട്ടിപ്പിക്കേണ്ടതാണ്.


എൻറെ പുസ്തകങ്ങളിലെല്ലാം സഭാനേതൃത്വത്തിൻറെ ലക്കുംലഗാനുമില്ലാത്ത പോക്കിനെക്കുറിച്ചും അതിൻറെ ഭവിഷ്യത്തിനെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിച്ചിട്ടുണ്ട്. പുരോഹിത നിർബന്ധിത ബ്രഹ്മചര്യം, വൈവാഹിത പൗരോഹിത്യം, പുരോഹിത ബാലരതി, സ്വവർഗരതി, ജനനനിയന്ത്രണം, സ്ത്രീപൗരോഹിത്യം, കാനോൻനിയമം, സഭാഭരണം, അല്മായപങ്കാളിത്തം, അന്ധവിശ്വാസജഡിലമായ ആചാരങ്ങൾ, തിരുശേഷിപ്പുവണക്കം, കുമ്പസാരം, സാധുക്കളോടും ദളിതരോടും കാണിക്കുന്ന അനീതികൾ, ധനികരോടു കാണിക്കുന്ന പക്ഷപാതം, സഭാധികാരികൾ സഭാപൗരരോടുകാണിക്കുന്ന ധാർഷ്ട്യം, സഭാനവീകരണം തുടങ്ങിയ അനേക കാലിക വിഷയങ്ങളെ സ്പർശിച്ചുകൊണ്ടാണ് എൻറെ കൃതികളെല്ലാം രചിച്ചിട്ടുള്ളത്. ഇനിയും എത്രയോ കാര്യങ്ങൾ എനിക്കും നിങ്ങൾക്കും പറയാൻ ബാക്കികിടക്കുന്നു. ബാക്കിയാണ് പുതിയ പുതിയ സഭാനവീകരണ സംഘടനകൾക്ക് ആവേശം നൽകേണ്ടതും നൽകുന്നതും. സഭാനേതൃത്വത്തിൽനിന്നും മുക്തമായ ഒരു സമുദായനേതൃത്വത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സാമൂഹ്യവും നവീകരണാത്മകവുമായ ഒരു അജണ്ഡയായിരുന്നു യേശുവിൻറേത്. അന്നത്തെ പൗരോഹിത്യത്തെ വെല്ലുവിളിച്ച പോരാളിയുടെ അനുയായികളായ നമുക്ക് നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറി ജീവിക്കാനുള്ള പ്രത്യേകാവകാശമില്ല.
    
അറുപതുകളിലും എഴുപതുകളിലും കേരളത്തിൽനിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ, തങ്ങളുടെ മതവിശ്വാസത്തെ മുറുകെപ്പിടിച്ച  മലയാളിസമൂഹം സ്വരുമ, കഠിനാദ്ധ്വാനം, സാമ്പത്തിക സുരക്ഷിതത്വമെല്ലാം പെട്ടെന്ന് കൈവരിച്ചു. അങ്ങനെ സമ്പന്നമായ, വേരുപിടിച്ച ഒരു സമുദായമായശേഷമാണ് അധികാരത്തെ വികസിപ്പിക്കാനും നിലനിർത്താനുംവേണ്ടി വികൃതമാക്കിയ സീറോ മലബാർപൈതൃകത്തെ’ അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്തത്. മലവെള്ള പാച്ചിലിൽ കുറെ ന്യൂ ജനറേഷൻ യൂദാകളും ഒഴുകിവന്നു. ഇന്ന് പല ഇടവകകളിലും ഗുണ്ടാ അച്ചന്മാരുടെ വിളയാട്ടമാണ്. അവരോട് പൊരുത്തപ്പെടാത്തവരെ ഒറ്റപ്പെടുത്തി അടിച്ചമർത്തുക എന്ന ആക്രമണനയമാണ് ആ അച്ചന്മാർക്കുള്ളത്. അജപാലനമെന്ന വക്രപ്പേരിൽ അധികാരസ്ഥാപനത്തിനും സാമ്പത്തിക ആദായത്തിനും വന്ന ഇവർക്ക് സമുദായത്തിലെ തലയും വാലും വേണ്ട; നടുമുറി മാത്രം മതി. കാരണം അവിടെയാണല്ലോ ദശയും കൊഴുപ്പും. നാമെന്തിന് ഇവരുടെ ആട്ടും തുപ്പും കൊള്ളണം? സമഗ്രാധിപത്യക്കാരായ ഇവർക്ക് നമ്മുടെ തല അവരുടെ കക്ഷത്തിൽ കിട്ടണം. നാമെത്തിന് അതിന് നിന്നുകൊടുക്കണം? അല്ലാ, ഞാനൊന്നു ചോദിക്കട്ടെ: അച്ചന്മാർ അമേരിക്കയിൽ വന്നത് അല്മേനികൾക്കെതിരായി കോടതിയിൽ കള്ളസാക്ഷി പറയാനാണോ? അച്ചന്മാരിവിടെവന്നത് നമ്മുടെ ഭാര്യമാരെയും പെൺമക്കളെയും ലൈംഗികമായി ദുരുപയോഗം ചെയ്യാനാണോ? അത്തരം അതിക്രമങ്ങളെ സഭാധികാരികൾ മൂടിവെയ്ക്കുന്നു. അതു കേസാകുമ്പോൾ നേർച്ചപൈസകൊടുത്ത് കേസൊതു ക്കുന്നു. അച്ചന്മാരിവിടെവന്നത് സുവിശേഷപ്രഘോഷണം നടത്തേണ്ട പ്രസംഗപീഠത്തിൽ കയറിനിന്ന് അല്മേനികളെ 'പേപ്പട്ടികൾ' എന്നുവിളിക്കാനാണോ? അച്ചന്മാരിവിടെവന്നത് കുറെ ശിങ്കിടികളെക്കൂട്ടി അല്മേനികൾക്കെതിരായി കള്ളക്കേസുകൊടുക്കാനാണോ? അച്ചന്മാരിവിടെവന്നത് വെള്ളക്കാരുടെ നയമായ 'ഡിവൈഡ് ആൻഡ് റൂൾ' നടപ്പിലാക്കാനാണോ? അച്ചന്മാരിവിടെവന്നത് കുടുംബങ്ങളെ തമ്മിൽ തമ്മിത്തല്ലിക്കാനാണോ? അച്ചന്മാരിവിടെവന്നത് അല്മേനികൾ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പൈസകൊണ്ടും അവരുടെ തലയിൽ വലിയ സാമ്പത്തിക ചുമതലയും കയറ്റിവെച്ച് പള്ളികൾ വാങ്ങിക്കൂട്ടി രൂപതയ്ക്ക് മുതലുണ്ടാക്കാനാണോ? അല്മായരെ നിങ്ങൾ ചിന്തിക്കുവിൻ. നിങ്ങളുടെ അദ്ധ്വാനഫലം നിങ്ങളുടെ കുടുംബത്തിനുപകരിക്കുന്നതിനുപകരം അച്ചന്മാരെ പ്രീതിപ്പെടുത്താൻ ഉപയോഗിക്കണോ? അമേരിക്കൻ മലയാളി കുട്ടികൾക്ക് സീറോ മലബാർ പള്ളിയും അതിലെ ചടങ്ങുകളും ഒരു 'funny thing' ആണ്. കുട്ടികൾക്കുവേണ്ടിയാണോ നാമീപൈസ ചെലവഴിക്കുന്നത്? എങ്കിൽ വെള്ളത്തിൽ വരച്ച വരപോലെ കലാശിക്കും.

അച്ചന്മാർ കാട്ടിക്കൂട്ടുന്ന ലൈംഗിക അതിക്രമങ്ങളും അധികാരികളുടെ മൂടിവെയ്ക്കലും ചോദ്യപ്പെടേണ്ടതാണ്. അല്മായ സംഘടനകൾ ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടതാണ്. അതുപോലെ അമേരിക്കയിലെ സീറോ മലബാർ സഭയുടെ ധാർമ്മികാധഃപതനത്തിൻറെ പ്രത്യക്ഷ ലക്ഷണമാണല്ലോ തെക്കുംഭാഗക്കാരുടെ സ്വവംശവിവാഹപിടിവാശിയെ സഭാധികാരം അംഗീകരിക്കാൻ തയ്യാറാകുന്നത്. വർഗവിദ്വേഷം യേശുപഠനങ്ങൾക്ക് കടക വിരുദ്ധമാണ്. അല്മായ സംഘടനകൾ വർഗനീതിക്കായി പോരാടേണ്ടതാണ്. ശുദ്ധരക്തവാദം കുടുംബങ്ങളോടുള്ള ധാർമിക ബലാല്ക്കാരമാണ്. ദൈവത്തിന് പ്രിയപ്പെട്ട കൂട്ടായ്മകളെ പടുത്തുയർത്താൻ അശ്രാന്ത പരിശ്രമം നടത്തുന്ന ക്രിസ്തീയ സംഘടനകൾക്ക് ശുദ്ധരക്തവാദത്തിലുള്ള സഭാധികാരികളുടെ നിലപാട് കുടുംബ ശിഥിലീകരണമായേ കാണാൻ സാധിക്കൂ. അത് ക്നാനായ ശുദ്ധരക്ത കൂട്ടനാശമാണ്. അതുകൊണ്ടുതന്നെ തെക്കുഭാഗരുടെ  ശുദ്ധരക്തവാദത്തിലെ അപരാധം മനസ്സിലാക്കി സഭയിലെ സാമൂഹ്യസംഘടനകൾ വർഗീയ താൽപര്യങ്ങൾക്കുമാത്രമായി നിലകൊള്ളുന്നവർക്കെതിരായി സന്ധിയില്ലാസമരം ചെയ്യേണ്ടതാണ്. അത് യഥാർത്ഥ യേശുശിഷ്യരുടെ മൗലികമായ കടമയാണ്. അറിഞ്ഞോ അറിയാതെയോയുള്ള എല്ലാവക വിവേചനാപരമായ വകതിരുവുകൾക്കും സഭ കുറ്റക്കാരിയാണ്. നാം ക്രിസ്തുവിൻറെ രക്തത്തെയാണ്  ആരാധിക്കുന്നത്; ശുദ്ധരക്ത ഭ്രാന്തിനെയല്ല. ഇക്കാര്യത്തിൽ ഒരു ക്രിസ്ത്യാനിക്കും നിസ്സംഗനായിരിക്കാനുള്ള പ്രത്യേകാവകാശമില്ല. കാരണം വ്യക്തികളും സംഘടനകളും അടിച്ചമർത്തലിൻറെ പ്രത്യയശാസ്ത്രത്തെ ചെറുക്കാനും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും മൗലികവീക്ഷണം പ്രചരിപ്പിക്കാനും വിളിക്കപ്പെട്ടവരാണ്.

സഭയെ കാലോചിതമായി നവീകരിക്കുക എന്നത് ഒരു വ്യക്തിയുടെ ജോലിയല്ല. ഒരു മെത്രാനോ പുരോഹിതനോ സഭാപൗരനോ സാധിക്കുന്ന കാര്യവുമല്ല. അത് സഭാസമൂഹത്തിൻറെ കൂട്ടായ പ്രയഗ്നഫലമായിരിക്കണം. ഇന്ന് അമേരിക്കയിൽ അല്മായരുടേതായ പല സ്വതന്ത്ര സംഘടനകളും രൂപംകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഭയെ നേരായവഴിക്ക് നയിക്കാൻ പരിശ്രമക്കേണ്ടതാണ്. സീറോ മലബാർ രൂപത അമേരിക്കയിൽ  ഇല്ലാതിരുന്ന കാലത്തും അവിടത്തെ കുടുംബങ്ങൾക്കും അവരുടെ മതപരമായ കാര്യങ്ങൾക്കും ഒരു കോട്ടവും കേടുപാടും സംഭവിച്ചിരുന്നില്ലെന്നകാര്യം ഇവിടെ പ്രസ്താവയോഗ്യമാണ്.


അല്മേനികളെ നിങ്ങൾ ഉണരുവിൻ

No comments:

Post a Comment